കരുമാല്ലൂർ
സിനിമാ സംവിധായകനെ ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ‘കലാമണ്ഡലം ഹൈദരാലി’ സിനിമയുടെ സംവിധായകനായ കിരൺ ജി നാഥാണ് (48) മരിച്ചത്. ആലുവ യുസി കോളേജിനുസമീപം വാലിഹോംസിലെ ഇല്ലിക്കുളത്ത് സ്യമന്തകം വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കരുവാറ്റ സ്വദേശിയാണ്.
പറവൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരിയായ ഭാര്യ ജയലക്ഷ്മി ജോലികഴിഞ്ഞ് ചൊവ്വ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടത്. ആലുവ ഈസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കാർഷിക ഗ്രാമവികസന ബാങ്കിലെ ഭരണസമിതി അംഗങ്ങളായ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരെ കിരണിന്റെ ഭാര്യ ജയലക്ഷ്മി പരാതി നൽകിയിരുന്നു. മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് 2022 മെയ് അഞ്ചിന് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇതേത്തുടർന്ന് കിരണും കുടുംബവും ഭീഷണിയും സമ്മർദവും നേരിട്ടിരുന്നതായി സൂചനയുണ്ട്. അടുത്തിടെ, സംസ്ഥാന കാർഷികവികസന ബാങ്ക് ഭരണസമിതി അംഗമായി തെരഞ്ഞെടുത്ത വ്യക്തി ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് ജയലക്ഷ്മി പരാതി നൽകിയത്.
ഇയാളുടെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം അടുത്തിടെ കിരണിനെ മർദിച്ചിരുന്നു. പഞ്ചായത്ത് അംഗംകൂടിയാണ് മർദനത്തിന് നേതൃത്വം നൽകിയ വ്യക്തി. കിരണിനെതിരെ അക്രമികൾ പൊലീസിൽ പരാതി നൽകുകയും കേസെടുപ്പിക്കുകയും ചെയ്തു. കുറച്ചുനാൾമുമ്പ് കിരണിന് വിദേശത്ത് ജോലിക്ക് അവസരം ലഭിച്ചെങ്കിലും കേസുള്ളത് വിനയായി. ആലുവ ജില്ലാ ആശുപത്രിയിൽ ബുധൻ രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വൈകിട്ടോടെ സംസ്കരിച്ചു. ഏക മകൾ: ആര്യാദേവി