തിരുവനന്തപുരം
വിഎസ്എസ്സി കോപ്പിയടി അന്വേഷിക്കാൻ പൊലീസിന്റെ പ്രത്യേകാന്വേഷണ സംഘം ഹരിയാനയിലേക്ക്. ഐപിഎസ് ട്രെയിനിയും ഹരിയാന സ്വദേശിയുമായ ദീപക് ചഹാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനായി തിരിക്കുന്നത്.
ആൾമാറാട്ടം നടത്തി ഹൈടെക് കോപ്പിയടി നടത്തിയ സംഭവത്തിൽ അഞ്ചുപേരെ മ്യൂസിയം, മെഡി. കോളേജ്, കന്റോൺമെന്റ് പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഹരിയാന കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് ഹൈടെക്ക് കോപ്പിയടിക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
തിരുവനന്തപുരത്തെ പത്ത് കേന്ദ്രത്തിലായി നടന്ന പരീക്ഷയ്ക്ക് ഹരിയാനയിൽനിന്നുമാത്രം 489 അപേക്ഷകരുണ്ടായിരുന്നു. ഇതിൽ 80 പേരുടെ പേരിൽ പരീക്ഷയെഴുതിയിട്ടുണ്ട്. ഇവരിൽ എത്രപേർ യഥാർഥ അപേക്ഷകരാണെന്ന് വ്യക്തമല്ല. എല്ല്ലാ അപേക്ഷകരെയും ചോദ്യം ചെയ്താലേ ഇക്കാര്യം വ്യക്തമാകൂ. കൂടുതലാളുകൾ കോപ്പിയടിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം ഹരിയാനയിലേക്ക് പോകുന്നത്. കേസിൽ പിടിയിലായ പ്രതികൾ റിമാൻഡിലാണ്. എല്ലാ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.