കാംപോക്പി (മണിപ്പുർ)
നൂറുനാള്‍ പിന്നിട്ട കലാപം വിനാശത്തിന്റെ വിത്തെറിഞ്ഞിരിക്കുകയാണ് ഓരോ മണിപ്പൂര്‍ കുടുംബത്തിലും. മണിപ്പൂരിന്റെ ദൈന്യതയുടെ നേർചിത്രമാണ് വയ്പേ കുടുംബം. രണ്ടര വർഷമായി തളർന്നുകിടക്കുന്ന, എൺപതുകാരനായ ത്വാൽപാവോ വയ്പേയുടെയും വീട് അക്രമികൾ കത്തിച്ചു. കാംപോക്പി ജില്ലയിലെ ലെയ്ലോൺ ഗ്രാമത്തിൽ മെയ് നാലിന് രാത്രിയായിരുന്നു ആക്രമണം. ഗ്രാമമാകെ ചാമ്പലായതോടെ ഏതാനും ചെറുപ്പക്കാർ ചേർന്ന് ചുമന്നാണ് വയ്പേയെ 50 കിലോമീറ്റർ അകലെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചത്.
ഇപ്പോൾ ഹെൻബുങ് ഗ്രാമത്തിൽ ബാപ്റ്റിസ്റ്റ് ചർച്ച് കെട്ടിടത്തിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ തൊട്ടരികിൽ മറ്റൊരു കട്ടിലിൽ ഭാര്യ വെങ്ച (75)യുമുണ്ട്. ദുരന്തത്തിന്റെ ആഘാതത്തിൽ വെങ്ചയും കിടപ്പിലായി. രണ്ടുപേരെയും പരിചരിക്കാൻ മകൾ ഹോയ്ഹോയ് ഒപ്പമുണ്ട്. കൃഷിപ്പണിയും ചില്ലറ ജോലികളുമായിരുന്നു വയ്പേ കുടുംബത്തിന്റെ ഉപജീവനമാർഗമെന്ന് ഹോയ് പറഞ്ഞു. സ്വന്തം ഗ്രാമം നഷ്ടമായതോടെ വരുമാനം മുടങ്ങി. ദുരിതാശ്വാസ കേന്ദ്രത്തിലെ ഒരു മുറിയും രണ്ട് കട്ടിലുമാണ് ഇപ്പോൾ ജീവിതത്തിലെ ഏക ആശ്വാസം. മറ്റ് അഭയാർഥികൾ സ്കൂൾ കെട്ടിടങ്ങളിലും കമ്യൂണിറ്റി ഹാളുകളിലും കഴിയുമ്പോൾ വയ്പേയുടെയും വെങ്ചയുടെയും പ്രായവും രോഗവും പരിഗണിച്ചാണ് മെച്ചപ്പെട്ട മുറി നൽകിയത്.
വയ്പേയ്ക്ക് ഡോക്ടർമാർ നിർദേശിച്ച ഫിസിയോതെറാപ്പി നൽകാൻ കഴിയുന്നില്ലെന്ന് മകൾ പറഞ്ഞു. പരിശോധനകളും മുടങ്ങി. അൽഷിമേഴ്സ് അടക്കം ബാധിച്ച വെങ്ചയെയും ഡോക്ടറെ കാണിക്കാൻ കഴിയുന്നില്ല. മൂന്നരമാസമായി വരുമാനമൊന്നും ഇല്ലാത്തതാണ് കാരണമെന്ന് പറയുമ്പോൾ ഹോയുടെ തൊണ്ടയിടറി. ഹോയ്ക്ക് മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. കലാപത്തോടെ എല്ലാവരും അഭയാർഥികളായി. ആർക്കും പരസ്പരം സഹായിക്കാനോ കാണാൻ പോലുമോ കഴിയുന്നില്ല. ഇതുപോലെ നൂറുകണക്കിന് രോഗികളും വയോധികരുമാണ് മണിപ്പുരിലെ അഭയാർഥി ക്യാമ്പുകളിൽ വൈദ്യസഹായമോ മതിയായ ഭക്ഷണമോ കിട്ടാതെ നാളുകൾ തള്ളിനീക്കുന്നത്.