ന്യൂഡൽഹി > സിപിഐ എം പാര്‍ട്ടി ക്ലാസ് തടയാന്‍ ഡൽഹി പൊലീസിന് അധികാരമില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വന്തം കെട്ടിടത്തിൽ നടക്കുന്ന പരിപാടി തടയാൻ പൊലീസിനാകില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഔദ്യോഗികമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. നടപടിയെ അപലപിക്കുന്നുവെന്നും വേണ്ടി വന്നാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യെച്ചൂരി വ്യക്തമാക്കി.
സിപിഐ എം പാര്‍ട്ടി പഠന കേന്ദ്രമായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഭവനില്‍ പാര്‍ട്ടി പഠന ക്ലാസ് നടത്താന്‍ അനുമതിയില്ലെന്ന് ഇന്നലെ രാത്രിയോടെയാണ് ഡൽഹി പൊലീസ് അറിയിച്ചത്. എന്നാല്‍ ക്ലാസുമായി മുന്നോട്ട് പോകാന്‍ തന്നെ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
രാവിലെയോടുകൂടി വീണ്ടും ഡൽഹി പൊലീസ് സുര്‍ജിത് ഭവനില്‍ എത്തി ജി 20 വരുന്നതിനാല്‍ ഹാളില്‍ പോലും പരിപാടി നടത്താന്‍ ആകില്ലെന്ന് അറിയിച്ചു. അതേ സമയം രേഖാമൂലം എഴുതി നല്കാന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് അതിന് തയ്യാറായിട്ടില്ല.