തൃശൂർ
മാധ്യമങ്ങൾക്ക് താൽപ്പര്യം ബ്ലാക്ക് ആൻഡ് വൈറ്റ് രാഷ്ട്രീയമാണെന്നും വിവാദങ്ങൾ സൃഷ്ടിക്കാൻ മുൻകൂട്ടി നിശ്ചയിച്ച തരം എഡിറ്റിങ്ങാണ് തന്റെ അഭിമുഖത്തിൽ നടന്നതെന്നും കവി കെ സച്ചിദാനന്ദൻ. കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസ് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഫലിതരൂപേണ പറഞ്ഞ കാര്യങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് ഇക്കാര്യം ഫേസ് ബുക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാരിന്റെ പോസിറ്റീവ് വശങ്ങളെക്കുറിച്ചുള്ളത് പൂർണമായും ഒഴിവാക്കി. ചില വകുപ്പുകളിലുണ്ടാകുന്ന കുറവുകൾ ചൂണ്ടിക്കാട്ടി എന്നല്ലാതെ സർക്കാരിനേയോ പാർടിയേയോ കുറച്ചുകാണിക്കുന്ന പരാമർശങ്ങളൊന്നും ഉണ്ടായിട്ടില്ല. രണ്ട് മണിക്കൂർ സംസാരിച്ചതിൽ ചില പ്രത്യേക പരാമർശങ്ങൾ അപാരമായി എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്യുകയായിരുന്നു. സംപ്രേഷണം ചെയ്യും മുമ്പ് തന്നെ കാണിച്ചതുമില്ല. ഇടതുപക്ഷ വിരുദ്ധതയോ അക്കാദമിയുടെ കാര്യത്തിൽ സർക്കാരിന്റെ ഇടപെടലോ ഒന്നും പരാമർശിച്ചിരുന്നില്ല. പിണറായിയെ മോദിയുമായി ഉപമിച്ചിട്ടില്ലെന്നും സച്ചിദാനന്ദൻ ദേശാഭിമാനിയോട് പറഞ്ഞു. ഇതുസംബന്ധിച്ച് വാർത്ത വന്നതോടെ രാവിലെ വീട്ടിലെത്തിയ ചാനൽ പ്രവർത്തകരെ തിരിച്ചയക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മുടെ മാധ്യമ ധാർമികത വിചിത്രമാണ്. വലതുപക്ഷത്തിന്റെ വളർച്ചയുടെ വിപത്തുകൾ ചൂണ്ടിക്കാട്ടി, ഇടതുപക്ഷത്തെ കൂടുതൽ വിശാലമായി, ഗാന്ധിയേയും അംബേദ്കറേയും ഉൾക്കൊള്ളാവുന്ന വിധത്തിൽ, നിർവചിക്കാൻ ശ്രമിക്കയാണ് രണ്ടു മണിക്കൂർ നീണ്ട അഭിമുഖത്തിൽ ചെയ്തത്. ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടിയതിനെ പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകളാണ് പത്രത്തിലും യു ട്യൂബിലും വന്നത്. അതിൽ നിന്ന് തങ്ങൾക്ക് വേണ്ട വരികളെടുത്ത് പ്രചരിപ്പിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചത്. ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് ഞാൻ കുറിപ്പിട്ടതെ’ന്നും അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു.















