ഇടുക്കി
കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയും ബിനാമികളും ചിന്നക്കനാൽ ഷൺമുഖവിലാസത്ത് വാങ്ങിയത് സർക്കാർ മിച്ചഭൂമി. റവന്യൂകേസ് ഉള്ളതിനാൽ സർവെനമ്പർ 34/1 ഭൂമിക്ക് കരമടച്ച് നൽകരുതെന്ന് ഉടുമ്പൻചോല തഹസിൽദാർ ഉത്തരവിറക്കിയിരുന്നു. എൽഎ 13/65 നമ്പർ പട്ടയപ്രകാരമുള്ള വസ്തു വെള്ളൂക്കുന്നേൽ കുടുംബത്തിൽപ്പെട്ടതായിരുന്നെന്നും ഇത് മിച്ചഭൂമിയായിരുന്നു എന്നുമാണ് 2021 ലെ വിവരാവകാശ രേഖയിൽ പറയുന്നത്.
ജിമ്മി സക്കറിയ, ടെസ്സി ജിമ്മി, ജിമ്മി സക്കറിയയുടെ മകൾ നാലുവയസ്സുള്ള മെറിൻ എന്നിവരുടെ പേരിലുള്ള സ്ഥലമാണ് 2010ൽ അൽഫോൻസ് കപ്പിത്താന് വിറ്റത്. ഇത് മൈനർ വക ഭൂമിയുമായിരുന്നു. തൊട്ടടുത്തവർഷമാണ് മാത്യു കുഴൽനാടനും ബിനാമികളും വാങ്ങിയത്. ഇതിനിടെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ചുരുങ്ങിയ നാൾകൊണ്ട് മൈനർവക ഭൂമിക്ക് എൽഎ പട്ടയം വാങ്ങിയാണ് ക്രയവിക്രയം ചെയ്തത്. കുഴൽനാടൻ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഭൂമി വാങ്ങിയതെങ്കിലും ഏറെ നൂലാമാലകൾ ഉണ്ടായിരുന്നതിനാൽ ഉദ്യോഗസ്ഥരിൽ സമ്മർദംചെലുത്തി രണ്ടുവർഷത്തിന് ശേഷമാണ് പോക്കുവരവ് ചെയ്തെടുത്തത്. വെള്ളൂക്കുന്നേൽ കുടുംബത്തിന് നൂറുകണക്കിന് ഏക്കർ ഭൂമിയുണ്ടായിരുന്നു. ഈ മേഖലയിൽ നിയമപ്രകാരം ഒരാൾക്ക് 12 ഏക്കറും കുടുംബത്തിന് 15 ഏക്കറും അംഗങ്ങൾക്ക് രണ്ടേക്കറുമാണ് കൈവശം വയ്ക്കാവുന്നത്. സർവേപ്രകാരം അധികഭൂമി കണ്ടെത്തിയാൽ മിച്ചഭൂമിയാക്കി മാറ്റിയിടും. ഇങ്ങനെ മിച്ചഭൂമിയാക്കിയിട്ടിരുന്ന മൈനർ ഭൂമിയാണ് കുഴൽനാടനും സംഘവും കൈവശംവച്ച് റിസോർട്ടാക്കിയത്. ഭൂവിനിയോഗ ചട്ടവും ലംഘിച്ചു. ആദ്യം പ്രവർത്തിച്ചിരുന്നത് ഹോംസ്റ്റേ ആയിരുന്നു. കുഴൽനാടൻ വാങ്ങിയശേഷം പേരിൽ മാറ്റംവരുത്തി റിസോർട്ട് ആക്കുകയായിരുന്നു. ഒരുവർഷം മൂന്ന് പ്ലോട്ടുകളിലുള്ള കെട്ടിട നികുതിയായി 45,148 രൂപയാണ് അടച്ചുവരുന്നത്. ഒരു കെട്ടിടത്തിന് എൻഒസി ലഭിച്ചിട്ടുമില്ല.
എ കെ ബാലന്റെ വെല്ലുവിളി
സ്വീകരിക്കാതെ കുഴൽനാടൻ
ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണോ എന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്റെ വെല്ലുവിളി സ്വീകരിക്കില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. താൻ പൊതുപ്രവർത്തനം തുടങ്ങിയിട്ടേ ഉള്ളൂവെന്നും അതാണ് അവസാനിപ്പിക്കാമെന്ന് സമ്മതിക്കാത്തതെന്നുമായിരുന്നു കുഴൽനാടന്റെ മറുപടി. ഉന്നയിച്ചത് തെറ്റായ ആരോപണമാണെങ്കിൽ മാപ്പുപറയാമെന്നും കുഴൽനാടൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിഎംആർഎൽ കമ്പനി, എക്സാലോജിക് കമ്പനിക്ക് കരാർപ്രകാരം നൽകിയ തുകയുടെ ഐജിഎസ്ടി രേഖകൾ പുറത്തുവിടണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.
സര്വേ റിപ്പോര്ട്ട് ഇന്ന്
മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബവീടിനോട് ചേർന്ന സ്ഥലത്ത് നടത്തിയ സർവേയുടെ വിശദവിവരങ്ങൾ റവന്യുവിഭാഗം ചൊവ്വാഴ്ച കോതമംഗലം തഹസിൽദാർക്ക് കൈമാറും. അനധികൃതമായി നിലം മണ്ണിട്ടുനികത്തിയെന്ന പരാതിയിൽ ആഗസ്ത് പതിനെട്ടിനാണ് റവന്യുവിഭാഗം സർവേ നടത്തിയത്. റിപ്പോർട്ട് കിട്ടുന്നമുറയ്ക്ക് തഹസിൽദാർ, കലക്ടർക്കും കൈമാറും.
.jpg)















