ന്യൂഡൽഹി
അതിർത്തി സംസ്ഥാനമായ മണിപ്പുരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ നിർണായകമായ രണ്ടു ദേശീയപാതകളിൽ കുക്കി സംഘടനയായ കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി (സിഒടിയു) ഉപരോധം ആരംഭിച്ചു. കുക്കി മേഖലകളിൽ അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ടാണ് കാങ്പോക്പി ജില്ലയിൽ ഉപരോധം. ഇംഫാലിനെ നാഗാലാൻഡിലെ ദിമാപ്പുരുമായി ബന്ധിപ്പിക്കുന്ന എൻഎച്ച് രണ്ടിലും അസമിലെ സിൽച്ചാറുമായി ബന്ധിപ്പിക്കുന്ന എൻഎച്ച്37ലുമാണ് ഉപരോധം.
മൂന്നുദിവസംമുമ്പ് സിഒടിയു ഉപരോധം പ്രഖ്യാപിച്ചിരുന്നു. 26 മുതൽ ഉപരോധം തുടങ്ങുമെന്ന് മറ്റൊരു കുക്കി സംഘടനയായ കുക്കി–-സോ ഡിഫൻസ് ഫോഴ്സും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ്ത്തീ മേഖലയായ ഇംഫാൽ താഴ്വരയിലേക്ക് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്ന് അവശ്യവസ്തുക്കൾ അടക്കം എത്തുന്നത് മുഖ്യമായും എൻഎച്ച് രണ്ടിലൂടെയും 37ലൂടെയുമാണ്.















