സ്വന്തം ലേഖകൻ
ന്യൂഡൽഹി
രാജ്യത്തെ ക്രിമിനൽ നിയമങ്ങൾക്കു പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് ബിൽ ചർച്ച ചെയ്യുന്നതിനായി പാർലമെന്റിന്റെ ആഭ്യന്തരകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ആഗസ്ത് 24 മുതൽ 26 വരെ ചേരും. റിപ്പോർട്ട് വേഗത്തിൽ തയ്യാറാക്കി ശീതകാല സമ്മേളനത്തിൽത്തന്നെ മൂന്ന് ബില്ലും പാസാക്കാനാണ് മോദി സർക്കാരിന്റെ നീക്കം.
സ്റ്റാൻഡിങ് കമ്മിറ്റി തിടുക്കപ്പെട്ട് വിളിച്ചതിനെതിരെ പ്രതിപക്ഷ എംപിമാർ രംഗത്തുവന്നു. ബില്ലുകൾ പരിഗണിക്കുന്നത് മറ്റൊരു തീയതിയിലേക്ക് നീട്ടണം എന്നാവശ്യപ്പെട്ട് ദിഗ്വിജയ് സിങ്, ഡെറിക് ഒബ്രിയൻ, കാകോളി ഘോഷ് ദസ്തിദർ എന്നിവർ കമ്മിറ്റി ചെയർമാൻ ബ്രിജ്ലാലിന് കത്തയച്ചു.
ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിചട്ടം, തെളിവ് നിയമം എന്നിവയ്ക്കു പകരമായി ഭാരതീയ ന്യായസംഹിതാ ബിൽ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബിൽ, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജെപി എംപികൂടിയായ ബ്രിജ്ലാൽ മറ്റംഗങ്ങൾക്ക് യോഗം ചേരുന്നതറിയിച്ച് നോട്ടീസ് അയച്ചത്. യോഗത്തിൽ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എംപിമാർക്ക് ബില്ലിന്റെ വിവിധ വശങ്ങൾ വിശദീകരിക്കും. വളരെ പ്രധാന്യമുള്ള മൂന്ന് ബില്ലും വിശദമായി പഠിച്ച് മനസ്സിലാക്കുന്നതിന് കൂടുതൽ സമയം ലഭ്യമാക്കണമെന്ന് ഡെറിക് ഒബ്രിയൻ കത്തിൽ ആവശ്യപ്പെട്ടു.















