ന്യൂഡൽഹി
ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ ആദിവാസി യുവതിയുടെ ഗർഭച്ഛിദ്രത്തിനുള്ള അപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. 27 ആഴ്ചയായ ഗര്ഭം അലസിപ്പിക്കാന് സുപ്രീംകോടതി അനുമതി നൽകി. ബലാത്സംഗത്തെ തുടർന്നുണ്ടായ ഗർഭം 25കാരിയുടെ ശാരീരിക, മാനസിക അവസ്ഥകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടിവരുന്നത് ദുരന്തമാണ്. ഗർഭംകൂടി ആയാൽ ദുരിതം ഇരട്ടിക്കും— – കോടതി നിരീക്ഷിച്ചു.
യുവതിയുടെ അപേക്ഷ പരിഗണിക്കുന്നതിൽ അസാധാരണ കാലതാമസം വരുത്തിയ ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി ശനിയാഴ്ച പ്രത്യേകസിറ്റിങ് നടത്തി രൂക്ഷമായി വിമർശിച്ചിരുന്നു. അന്നുതന്നെ യുവതിയുടെ അപേക്ഷ തള്ളി ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിറക്കി. പ്രസവം നടത്തി കുഞ്ഞിനെ സർക്കാർ സംവിധാനത്തിന് കൈമാറാൻ തയ്യാറാണോയെന്ന് ഇരയോട് ചോദിച്ചിരുന്നു. ആ ചോദ്യത്തിന് മറുപടി നൽകാൻ അനുവദിച്ച സാവകാശത്തെ കാലതാമസമായി കാണരുതെന്ന ന്യായീകരണവും ഹൈക്കോടതി ജഡ്ജി ഉത്തരവിൽ ഉൾപ്പെടുത്തി.
ഹൈക്കോടതിയിൽ
എന്താണ് നടക്കുന്നത്
സുപ്രീംകോടതി വിമർശങ്ങൾക്ക് ഉത്തരവിലൂടെ മറുപടി പറഞ്ഞ ഗുജറാത്ത് ഹൈക്കോടതി നടപടിയെ ജസ്റ്റിസ് നാഗരത്ന രൂക്ഷമായി വിമർശിച്ചു. ‘ഗുജറാത്ത് ഹൈക്കോടതിയിൽ എന്താണ് നടക്കുന്നത്. അപേക്ഷ പരിഗണിക്കുന്നതിൽ ഹൈക്കോടതി കാലതാമസം വരുത്തിയെന്ന് ഞങ്ങൾ വിമർശിച്ചു. ഇപ്പോൾ അവിടുത്തെ ജഡ്ജി കാലതാമസത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നു. ഈനിലപാട് പ്രോത്സാഹിപ്പിക്കാൻ കഴിയില്ല’–- ജസ്റ്റിസ് നാഗരത്ന പറഞ്ഞു.















