ന്യൂഡൽഹി
കേരളത്തിൽനിന്നുള്ള മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ തഴഞ്ഞ് കോൺഗ്രസിന് പുതിയ പ്രവർത്തകസമിതി. ശശി തരൂർ പ്രവർത്തകസമിതിയിൽ ഇടംനേടിയപ്പോൾ ചെന്നിത്തല ക്ഷണിതാവായിമാത്രം തുടരും. കേരളത്തിൽനിന്ന് എ കെ ആന്റണി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരുടെ പ്രവർത്തകസമിതി അംഗത്വം നിലനിർത്തി. കൊടിക്കുന്നിൽ സുരേഷും പ്രത്യേക ക്ഷണിതാവാണ്. പ്രായാധിക്യംമൂലം സജീവ രാഷ്ട്രീയത്തില്നിന്ന് അകന്നുനില്ക്കുന്ന ആന്റണിയെ നിലനിർത്തുകയും താരതമ്യേന ജൂനിയറായ ശശി തരൂരിനെ ഉൾപ്പെടുത്തുകയും ചെയ്തപ്പോഴാണ് 19 വർഷംമുമ്പ് പ്രവർത്തകസമിതി ക്ഷണിതാവായ രമേശ് ചെന്നിത്തലയെ സ്ഥിരാംഗത്വം നൽകാതെ തഴഞ്ഞത്.
രമേശ് ചെന്നിത്തല 2004 മുതൽ പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവാണ്. കേരളത്തിൽനിന്നുള്ള പ്രവർത്തകസമിതി അംഗമായിരുന്ന ഉമ്മൻചാണ്ടി അന്തരിച്ച സാഹചര്യത്തിൽ പകരമായി ചെന്നിത്തലയെ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റ തരൂരിനെയാണ് നേതൃത്വം പരിഗണിച്ചത്.
തരൂരിനെ ഒഴിവാക്കുന്നത് വിമത നീക്കത്തിന് ഇടയാക്കുമെന്ന സാഹചര്യവും നേതൃത്വം പരിഗണിച്ചു. കോൺഗ്രസ് കമ്മിറ്റികളിൽ യുവാക്കൾക്കും വനിതകൾക്കും 50 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന റായ്പുർ പ്ലീനറി സമ്മേളനത്തിലെ തീരുമാനം പുതിയ പ്രവർത്തകസമിതിയിൽ പാലിക്കപ്പെട്ടില്ല. 39 അംഗ പ്രവർത്തകസമിതിയിൽ 50 വയസ്സിനു താഴെയുള്ളവർ മൂന്നുപേർ മാത്രമാണ്. സ്ഥിരം ക്ഷണിതാക്കളും പ്രത്യേക ക്ഷണിതാക്കളും എല്ലാമായി 84 പേർ ഉൾപ്പെടുന്ന വിപുലമായ സമിതിയിൽ വനിതകൾ 15 പേർ മാത്രം. 39 അംഗ പ്രവർത്തകസമിതിയിൽ വനിതകൾ ആറുപേരാണ്. നാല് വനിതകൾ സ്ഥിരം ക്ഷണിതാക്കളും അഞ്ചു പേർ പ്രത്യേക ക്ഷണിതാക്കളുമായി.
പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മൻമോഹൻ സിങ് എന്നിവർ പ്രവർത്തകസമിതിയിലുണ്ട്. തരൂരിനു പുറമെ സച്ചിൻ പൈലറ്റ്, ദീപ ദാസ് മുൻഷി, സയ്യിദ് നാസർ ഹുസൈൻ എന്നിവരാണ് പുതുമുഖങ്ങൾ. കോൺഗ്രസിലെ വിമതവിഭാഗമായ ജി 23ൽനിന്ന് തരൂരിനു പുറമെ ആനന്ദ് ശർമയും മുകൾ വാസ്നിക്കും പ്രവർത്തകസമിതിയിൽ ഇടംപിടിച്ചപ്പോൾ മനീഷ് തിവാരിയെ പ്രത്യേക ക്ഷണിതാവാക്കി. രാജസ്ഥാനിൽ അശോക് ഗെലോട്ടിനെതിരായി കലാപക്കൊടി ഉയർത്തിയ പൈലറ്റിനെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെയാണ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയത്.