തിരുവനന്തപുരം
വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്കുള്ള (വിഎസ്എസ്സി) റിക്രൂട്ട്മെന്റ് പരീക്ഷയിൽ മൊബൈൽ ഫോണും ബ്ലൂടൂത്ത് ഉപകരണങ്ങളും ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി കോപ്പിയടിച്ച ഹരിയാന സ്വദേശികൾ പിടിയിൽ. സുനിൽകുമാർ, സുമിത്കുമാർ എന്നിവരെയാണ് മെഡിക്കൽ കോളേജ്–-മ്യൂസിയം പൊലീസ് സംയുക്തനീക്കത്തിൽ പിടികൂടിയത്. ആധാർ കാർഡ് അടക്കമുള്ള രേഖകൾ പരിശോധിച്ചതിൽനിന്ന് ആൾമാറാട്ടം നടന്നതായും സംശയമുണ്ട്.
വിഎസ്എസ്സിയുടെ ടെക്നീഷ്യൻ ബി (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലേക്കായിരുന്നു ഞായറാഴ്ച പരീക്ഷ. ആയിരക്കണക്കിന് ഉദ്യോഗാർഥികൾ തലസ്ഥാനത്ത് പരീക്ഷയ്ക്കെത്തി. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്താനും കോപ്പിയടിക്കാനും ഉത്തരേന്ത്യൻ സ്വദേശികൾ ശ്രമം നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ പരീക്ഷാ ഹാളിൽ കർശന പരിശോധനയ്ക്കും നിർദേശം നൽകി.
കോട്ടൺഹിൽ സ്കൂളിൽ പരീക്ഷയെഴുതുന്നതിനിടെയാണ് സുനിൽകുമാർ ഇൻവിജിലേറ്റർമാരുടെ പിടിയിലായത്. ദേഹത്ത് മൊബൈൽ കാമറയൊളിപ്പിച്ച് പുറത്തേക്ക് ചോദ്യപേപ്പർ നൽകി ബ്ലൂടൂത്ത് ഹെഡ്സെറ്റിന്റെ സഹായത്തോടെ 79 ചോദ്യങ്ങൾക്ക് ഇയാൾ ഉത്തരമെഴുതി. ഉപകരണങ്ങൾ കണ്ടെടുത്തു.
പട്ടം സെന്റ് മേരീസ് സ്കൂളിൽ പരീക്ഷയെഴുതുന്നതിനിടെയാണ് സുമിത് കുമാർ പിടിയിലായത്. മൊബൈൽ ഫോണും ബ്ലൂടൂത്ത് ഉപകരണങ്ങളും ദേഹത്ത് ബെൽറ്റുപയോഗിച്ച് കെട്ടിവച്ച നിലയിലായിരുന്നു. കംപ്യൂട്ടർ, കാൽക്കുലേറ്റർ, മൊബൈൽ ഫോൺ, ഹെഡ്ഫോൺ, സ്മാർട്ട്വാച്ച് തുടങ്ങി പെൻസിൽ ബോക്സിന് വരെ നിരോധനമുണ്ടായിരുന്ന പരീക്ഷയിലാണ് വൻ കോപ്പിയടി നടന്നത്.
സംഘടിതമായ ചോദ്യപേപ്പർ ചോർത്തലും കോപ്പിയടിയുമാണ് നടന്നതെന്നും കൂടുതലാളുകൾ കോപ്പിയടിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.