നീലേശ്വരം > തൈക്കടപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ കടലിൽവീണ് മരിച്ചു. ബോട്ടുജെട്ടി പരിസരത്തെ രാജേഷ് (35), തീരദേശ പൊലീസ് രക്ഷാബോട്ടിലെ താൽക്കാലിക ജീവനക്കാരൻ സനീഷ് (40) എന്നിവരാണ് മരിച്ചത്. ഞായർ വൈകീട്ട് അഞ്ചോടെ നടുവിൽ പള്ളി ഭാഗത്താണ് അപകടം.
മീൻപിടിക്കുന്നതിനിടെ രാജേഷ് കടലിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാളുടെ നിലവിളികേട്ടെത്തിയ സനീഷ്, രാജേഷിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും തീരദേശ പൊലീസും ചേർന്ന് ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പരേതനായ മല്ലക്കര ദാമോദരൻ- കല്യാണി ദമ്പതികളുടെ മകനാണ് രാജേഷ്. സഹോദരങ്ങൾ: ഉമേഷ്, നിഷ, ചിത്ര. ഭരതൻ- പത്മിനി ദമ്പതികളുടെ മകനാണ് സനീഷ്. സഹോദരങ്ങൾ: സനീഷ, അനീഷ.















