തിരുവനന്തപുരം > ഐഎസ്ആർഒയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രനിലേക്ക് കൂടുതൽ അടുത്തു. ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ്ലാൻഡിങിന് രണ്ട് ദിവസംമാത്രം ബാക്കി നിൽക്കേ ഞായർ പുലർച്ചെ നടന്ന പഥം താഴ്ത്തലും വിജയകരമായി. 13 കിലോഗ്രാം ഇന്ധനം 18 സെക്കന്റ് ജ്വലിപ്പിച്ചാണ് പഥം താഴ്ത്തിയത്. ചന്ദ്രനിലേക്കുള്ള കുറഞ്ഞ ദൂരം 25 കിലോമീറ്ററും കൂടിയ ദൂരം 134 കിലോമീറ്ററുമെന്ന ഭ്രമണപഥത്തിലാണ് പേടകം ഇപ്പോൾ സഞ്ചരിക്കുന്നത്.
ബുധൻ ഉച്ചയ്ക്കുശേഷം സോഫ്റ്റ് ലാൻഡിങിനുള്ള പ്രവർത്തനങ്ങൾ തുടങ്ങും. വൈകിട്ട് 5.45ന് സോഫ്റ്റ്ലാൻഡിങ് നടത്തും. റഷ്യയുടെ ചാന്ദ്രദൗത്യപേടകമായലൂണ 25 ന്റെ പരാജയത്തെ തുടർന്ന് ഐഎസ്ആർഒ കൂടുതൽ ജാഗ്രതയിലാണ്. ലൂണ നിയന്ത്രണം വിടാനുണ്ടായ കാരണങ്ങൾ ശാസ്ത്രജ്ഞർ വിലയിരുത്തുന്നുണ്ട്. ലാൻഡറും റോവറും അടങ്ങുന്ന പേടകത്തിന്റെ ക്ഷമതാ പരിശോധനയും നടക്കുന്നുണ്ട്.