മറയൂർ > കാന്തളകൾ വിരിയുന്ന നാട് കാന്തല്ലൂരായതിന്റെ കഥ രസകരമാണ്. സഹ്യന്റെ കിഴക്കൻ ചരിവിൽ നാനൂറ് വർഷം മുമ്പ് ആരംഭിച്ച കുടിയേറ്റ ഭൂമികയാണിവിടം. തമിഴ്നാടിന്റെ ദേശീയപുഷ്മമായ മഞ്ഞയും ചുവപ്പും കലർന്ന കാന്തളിന്റെ ഇംഗ്ലീഷ് നാമം ഗ്ലോറി ലില്ലി എന്നാണ്. പറയൻചെടി, മേന്തേനി, കീത്തോനി എന്നി വിവിധ പേരുകളിലും മലയാളത്തിൽ അറിയപ്പെടുന്നു. പിന്നീട് കാന്തള്ളൂർ കാന്തല്ലൂരായി മാറിയെന്നാണ് എന്നാണ് ചരിത്ര ഗവേഷകർ പറയുന്നത്
ജില്ലയിലെ അതിർത്തി ഗ്രാമമായ അഞ്ചുനാടൻ ഗ്രാമങ്ങളിലെ ഏറ്റവും ഉയർന്ന ജനവാസ കേന്ദ്രമാണ് കാന്തല്ലൂർ. മധുരയിൽ രാജവംശങ്ങൾ തമ്മിൽ ഘോര യുദ്ധങ്ങൾ നടന്ന കാലത്ത് മധുര ഉൾപ്പെടുന്ന കൊങ്ങുനാട്ടിൽ നിന്നും പഴനി മലനിരകൾ വഴി സഹ്യന്റെ കിഴക്കൻ ചരിവിൽ അതിജീവനം ആരംഭിച്ച ജനതയാണ് സ്ഥലങ്ങൾക്ക് പേരിട്ടത്. പിന്നീട് കേരള രൂപീകരണവും രാജവംശങ്ങളുടെ വിവര ശേഖരണവും മറ്റുമുണ്ടായപ്പോൾ പേരുകളിൽ ചെറിയമാറ്റങ്ങൾ ഉണ്ടായി.
കാന്തല്ലൂർ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും കേരളത്തിലെ വെളുത്തുള്ളി, ആപ്പിൾ ശീതകാലപച്ചക്കറികൾ, കരിമ്പ് വിളയുന്ന ഗ്രാമവുമാണ്. കാന്തല്ലൂർ പഞ്ചായത്ത് ഓഫീസ്, പുരാതന അയ്യപ്പക്ഷേത്രം, തമിഴ്നാട്ടിൽനിന്ന് എത്തിവാസമുറപ്പിച്ചവരുടെ പിൻഗാമികളുടെ മൂന്ന് ഊരുകളും ഇവിടെയുണ്ട്. ഒരുകാലത്ത് ജൈന സന്യാസിമാരുടെ ആവാസകേന്ദ്രമായിരുന്ന കണ്ണകി ക്ഷേത്രവും മുനിയറകളും ചരിത്രശേഷിപ്പുകളാണ്. പട്ടിശേരി അണക്കെട്ടും പാമ്പാറിന്റെ കൈവഴിയായ ചെങ്കല്ലാറും കാന്തല്ലൂരിനെ ജൈവകാർഷിക സമൃദ്ധമാക്കുന്നു.
സംഘകാല സാഹിത്യത്തിൽ മറയൂർ മലഞ്ചരിവുകളെക്കുറിച്ച് പ്രതിപാദിക്കുന്ന പദ്യങ്ങളുണ്ട്. പഴനിമലക്ക് തെക്ക് കാന്തളകൾ പൂക്കുന്ന മലഞ്ചരിവുകളിൽ ചന്ദനമരത്തിന്റെ പഴങ്ങൾ കഴിച്ച് മത്ത് പിടിച്ചിരിക്കുന്ന കുരങ്ങുകളെ കുറിച്ച് പുറനാനൂറിലും വിവരിക്കുന്നുണ്ട്.
പ്രാചീന തമിഴ് സാഹിത്യത്തിൽ പഴനിമലക്ക് തെക്കുള്ള ഭൂപ്രദേശത്തെകൂറിച്ച് വിവരിക്കുന്നുണ്ട്. കോവിൽക്കടവ് ക്ഷേത്രത്തിലും, മറയൂരിലെ വീരക്കല്ലിൽ കണ്ടെത്തിയതുമായ എഴുത്തുകൾ പ്രാചീന കരിതമിഴ് ഭാഷകളാണ്. അഞ്ചുനാടൻ ഗ്രാമീണരുടെ എഴുത്തോലകളും കരിംതമിഴിലായിരുന്നു.