തെഹ്റാൻ
കാൻ ചലച്ചിത്രമേളയിൽ സിനിമ പ്രദർശിപ്പിച്ചതിന് സംവിധായകന് ജയിൽ ശിക്ഷ വിധിച്ച് ഇറാൻ. മികച്ച സിനിമയ്ക്കുള്ള പാം ഡി ഓറിന് മത്സരിച്ച “ലൈലാസ് ബ്രദേഴ്സ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ സയീദ് റുസ്തിക്കാണ് ആറുമാസത്തെ ശിക്ഷ വിധിച്ചത്. “ഇസ്ലാമിക ഭരണകൂടത്തിനെതിരായ പ്രതിപക്ഷ പ്രചാരണത്തിന് കൂട്ടുനിന്നു’എന്നാരോപിച്ചാണ് ശിക്ഷവിധിച്ചത്. |
നിർമാതാവ് ജവാദ് നൊറൂസ്ബെഗിക്കും ആറു മാസത്തെ തടവ് ശിക്ഷ വിധിച്ചു. രണ്ടുപേരും ഉടന്‍ ഒമ്പതു ദിവസത്തെ ജയിൽവാസം അനുഭവിക്കണം. ശേഷിക്കുന്ന ശിക്ഷ അഞ്ചു വർഷത്തേക്ക് താൽക്കാലികമായി നിർത്തിവച്ചു. ഈ കാലയളവിൽ അവർക്ക് സിനിമ ചെയ്യാൻ അനുമതിയില്ല. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അനുമതിയില്ലാതെ പ്രദർശിപ്പിച്ചെന്നു കാണിച്ച് സിനിമ ഇറാനിൽ നിരോധിച്ചിരുന്നു. നിരവധി രാജ്യാന്തരമേളകളില്‍ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2022ലെ കേരളത്തിന്റെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.