ന്യൂഡൽഹി > ഇന്ത്യൻ വനിതാ സ്പ്രിന്റർ ദ്യുതി ചന്ദിന് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനാലാണ് താരത്തിന് നാല് വർഷത്തെ വിലക്ക് ലഭിച്ചത്. കഴിഞ്ഞ ഡിസംബറിൽ ശേഖരിച്ച രണ്ട് സാമ്പിളുകളുടെ പരിശോധനയിലും ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനാലാണ് നടപടി. 2023 ജനുവരി 3 മുതലാണ് വിലക്കിന്റെ കാലാവധി ആരംഭിക്കുന്നത്. 2027 വരെ ദ്യുതിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല. സമിതിക്ക് മുമ്പാകെ അപ്പീൽ നൽകാൻ 21 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 100, 200 മീറ്ററുകളിൽ വെള്ളി നേടിയ താരമാണ് ദ്യുതി. മുന്പ് പുരുഷ ഹോര്മോണ് അധികമാണെന്ന കാരണത്താല് ഒന്നര വര്ഷത്തോളം ദ്യുതി വിലക്ക് നേരിട്ടിരുന്നു. രാജ്യാന്തര കായിക തര്ക്ക പരിഹാര കോടതിയിൽ അനുകൂലവിധി നേടിയ ശേഷമാണ് ദ്യുതി വീണ്ടും മത്സരരംഗത്തെത്തിയത്.















