കോട്ടയം > കോട്ടയം നഗരമധ്യത്തിൽ ഹോട്ടലിന്റെ കോൺക്രീറ്റ് ബീം അടർന്നുവീണ് ലോട്ടറിജീവനക്കാരൻ മരിച്ചു. പായിപ്പാട് പള്ളിയ്ക്കച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെ ജെ എബ്രഹാമിന്റെ മകൻ ജിനോ കെ എബ്രഹാം (46) ആണ് മരിച്ചത്. വ്യാഴം രാത്രി ഒൻപതോടെയായിരുന്നു സംഭവം.
നഗരസഭ കാര്യാലയത്തിന് എതിർവശത്ത് സ്ഥിതിചെയ്യുന്ന രാജധാനി ഹോട്ടൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് ബീം അടർന്നുവീഴുകയായിരുന്നു. ജോലികഴിഞ്ഞ് പുറത്തേയ്ക്കിറങ്ങിയതായിരുന്നു ജിനോ. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരനാണ്. ഹോട്ടലിന്റെ ജനലിനോട് ചേർന്ന് നിർമിച്ച കമാനത്തിന്റെ കോൺക്രീറ്റ് ബീം റോഡിൽ നിന്ന ജിനോയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഇഷ്ടിക കഷണം ഉൾപ്പെടെ തലയിലും ശരീരത്തിലും പതിച്ചു.
ഗുരുതരമായി പരിക്കേറ്റ ജിനോയെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. അപകടം അന്വേഷിക്കുമെന്നും നിർമാണത്തിലെ അപാകതയാകാം അപകടത്തിന് ഇടയാക്കിയതെന്നും പൊലീസ് പറഞ്ഞു. ജിനോയുടെ ഭാര്യ: ഷീജ. മക്കൾ: അഡോൺ, അർഷോ.















