തിരുവനന്തപുരം
പൊതുവിപണിയിൽനിന്ന് കടപ്പത്രം വഴി വായ്പ എടുക്കുന്നതടക്കം കേന്ദ്രം തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ ബദൽതേടി സംസ്ഥാനം. നിലവിൽ ഏഴുമാസത്തേക്ക് 4352 കോടി രൂപയുടെ കടമെടുപ്പ് സാധ്യതമാത്രമാണുള്ളത്. ധന ഉത്തരവാദിത്വ നിയമം അനുസരിച്ച് വാർഷിക കടമെടുപ്പും ബാധ്യതകളും സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്നു ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം 2.2 ശതമാനം കടമെടുപ്പിനുള്ള അനുവാദംമാത്രമാണ് ലഭിച്ചത്. ഈവർഷം ആദ്യം 20,522 കോടി രൂപയുടെ അനുമതി ലഭിച്ചു. തുടർന്ന് 1330 കോടിക്കുകൂടി അനുമതിയായി. ആകെ 21,852 കോടി. ബുധൻവരെ 15,500 കോടി കടമെടുത്തു. വരുന്ന ചൊവ്വാഴ്ച 2000 കോടിക്കുകൂടി കടപ്പത്രം പുറപ്പെടുവിക്കും. ഇതോടെ വായ്പ 17,500 കോടിയാകും. ബാക്കിയുള്ളതുകൊണ്ട് ഈവർഷം അവശേഷിക്കുന്ന കാര്യങ്ങൾ നടത്താനാകില്ല.
കേന്ദ്രം അംഗീകരിച്ച ജിഎസ്ഡിപി അനുസരിച്ച് 10,570 കോടി രൂപകൂടി സംസ്ഥാനത്തിന് കടവും ബാധ്യതയുമായി സമാഹരിക്കാനുള്ള നിയമപരമായ അവകാശമുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തുന്നതാണ് പരിഗണനയിലുള്ളത്. നിർമാണത്തൊഴിലാളി, മോട്ടോർ വാഹനത്തൊഴിലാളി, കള്ളുചെത്ത് വ്യവസായത്തൊഴിലാളി ക്ഷേമനിധികൾ, കെഎഫ്സി, കെഎസ്എഫ്ഇ, സംസ്ഥാന ബിവറേജസ് കോർപറേഷൻ തുടങ്ങിയവയുടെ മിച്ച ഫണ്ട് മുൻകാലങ്ങളിൽ സർക്കാർ താൽക്കാലിക വായ്പയായി ക്രമീകരിച്ചിട്ടുണ്ട്.
ഓണച്ചെലവുകൾ കഴിഞ്ഞവർഷത്തെപ്പോലെ നിറവേറ്റാനായി. എന്നാൽ, പദ്ധതിച്ചെലവുകൾ അടക്കം നിർവഹിക്കേണ്ടതുണ്ട്. അത്യാവശ്യച്ചെലവുകളുടെ വാർഷിക വളർച്ച നിരക്ക് പത്തുശതമാനംവരെയാണ്. കേന്ദ്ര വിഹിതങ്ങൾ വെട്ടിയതോടെ സംസ്ഥാനവരുമാനത്തിൽ വലിയ കുറവുണ്ട്. തനതുവരുമാനം വർധിപ്പിച്ചും അനാവശ്യച്ചെലുകളിൽ പിടിമുറുക്കിയുമാണ് കഴിഞ്ഞവർഷം സാമ്പത്തികപ്രതിസന്ധി മറികടന്നത്. തനത് വരുമാനം മുൻവർഷത്തെ 47,000 കോടിയിൽനിന്ന് 70,000 കോടിയായി ഉയർത്തി. ഈവർഷം ഇതിനുംമേൽ 10,000 കോടിക്കപ്പുറം വരുമാന വർധന ധനവകുപ്പ് പ്രതീക്ഷിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബദൽ മാർഗങ്ങൾ തേടുന്നത്.
പെൻഷൻ പരിഷ്കരണം:
കുടിശ്ശിക നൽകിയത് 2800 കോടി
ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തോടൊപ്പം നടപ്പാക്കിയ സർവീസ് പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായ കുടിശ്ശികയായി വിതരണം ചെയ്തത് 2800 കോടി രൂപ. പെൻഷൻ പരിഷ്കരണ കുടിശ്ശിക ബാധ്യതയായ 5600 കോടി രൂപ നാലു ഗഡുവായി അനുവദിക്കാനായിരുന്നു തീരുമാനം. ഇതിൽ രണ്ടു ഗഡു അനുവദിച്ചു. ബാക്കി ഗഡുക്കളും നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ പല തവണ പ്രഖ്യാപിച്ചതാണ്. കേന്ദ്ര ഗ്രാന്റുകൾ നിഷേധിക്കുകയും വായ്പ എടുക്കൽ അനുമതി വെട്ടിക്കുറയ്ക്കുകയും ചെയ്ത സാഹചര്യത്തിലെ സാമ്പത്തിക ഞെരുക്കമാണ് ബാക്കി തുക ഇപ്പോൾ നൽകുന്നതിന് തടസ്സമെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. ശമ്പളം, പെൻഷൻ പരിഷ്കരണം നടപ്പാക്കിയതിലൂടെ 20,000 കോടി രൂപയുടെ വാർഷിക അധികച്ചെലവാണ് സർക്കാർ ഏറ്റെടുത്തത്. ഇതിനുപുറമെ കെഎസ്ആർടിസി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്കും സാമ്പത്തിക സഹായം നൽകേണ്ടിവരുന്നു. ക്ഷേമ പെൻഷൻ വിഹിതവും ഉയരുന്നു. ഇതിനിടയിലും 2021 ഏപ്രിലിൽ പഴയ ക്ഷാമബത്ത കുടിശ്ശിക പിഎഫിൽ ലയിപ്പിച്ചു. വിവിധ പെൻഷനുകൾ, കരാർ, അർധ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉയർത്തി. ജനകീയ ഹോട്ടലുകൾ ഉൾപ്പെടെയുള്ളവയുടെ ചെലവുകളും വഹിക്കുന്നു.
മരണസംഖ്യ കാട്ടി വ്യാജ പ്രചാരണം
2021 ഫെബ്രുവരി 21നാണ് സർക്കാർ സർവീസ് പെൻഷൻ പരിഷ്കരണ ഉത്തരവിറക്കിയത്. ഇതനുസരിച്ച് 2021 ജൂൺമുതൽ പുതിയ പെൻഷൻ ലഭ്യമായി തുടങ്ങി. 2019 ജൂലൈമുതൽ മുൻകാല പ്രാബല്യംവച്ച് പരിഷ്കരണം നടപ്പാക്കിയതിനാലാണ് കുടിശ്ശിക നൽകാൻ സർക്കാർ ബാധ്യസ്ഥമായത്. സർവീസ് പെൻഷൻകാരുടെ എണ്ണം ഏതാണ്ട് അഞ്ചര ലക്ഷമാണ്. പെൻഷൻ പരിഷ്കരണം നടപ്പാക്കിയ 2021 ജൂൺ മുതൽ 2023 ജൂൺവരെ 28,250 പെൻഷൻകാർ മരിച്ചതായി സർക്കാർ നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകിയിട്ടുണ്ട്. എന്നാൽ, മുക്കാൽ ലക്ഷം പേർ പെൻഷൻ പരിഷ്കരണ കുടിശ്ശിക ലഭിക്കാതെ മരിച്ചെന്നാണ് സംഘപരിവാർ അനുകൂല പെൻഷൻ സംഘടനാ നേതാക്കളുടെ പ്രചാരണം. 2019 ജൂണിൽ പെൻഷൻ വാങ്ങിയവർക്കാണ് മുൻകാലപ്രാബല്യത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടത്. അതിനുമുമ്പുള്ള രണ്ടുവർഷം മരിച്ച പെൻഷൻകാർക്കും കുടിശ്ശികയ്ക്ക് അർഹതയുണ്ടെന്ന വാദമാണ് ഉയർത്തുന്നത്.