ശബരിമല
ചിങ്ങപ്പുലരിയിൽ രാവിലെ ശബരിമലയിൽ ദർശനത്തിന് നീണ്ട ക്യൂ ദൃശ്യമായി. പുലർച്ചെ 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിച്ചു. ഉഷപൂജയ്ക്ക് ശേഷം ശബരിമല പുതിയ കീഴ്ശാന്തിയുടെ നറുക്കെടുപ്പും നടന്നു. തിരുവനന്തപുരം വലിയ ഉദയാദിച്ചപുരം ദേവസ്വം എസ് നാരായണൻപോറ്റി ആണ് പുതിയ ശബരിമല ഉൾക്കഴകം. ചെന്നൈയിൽ നിന്നെത്തിയ അങ്കിത് ആണ് കീഴ്ശാന്തിയെ നറുക്കെടുത്തത്. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ദേവസ്വം കമീഷണർ ബി എസ് പ്രകാശ്, ബോർഡ് അംഗങ്ങളായ അഡ്വ. എസ് എസ് ജീവൻ, ജി സുന്ദരേശൻ, ദേവസ്വം സെക്രട്ടറി ജി ബൈജു എന്നിവർ സന്നിഹിതരായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പബ്ലിക് റിലേഷൻസ് ഓഫീസർ മോഹൻ പെരുനാട് രചിച്ച ‘ശബരിമലയും ദേവസ്വം ബോർഡും’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. പമ്പ ത്രിവേണിക്ക് മുന്നിലായി സ്ഥാപിച്ച പുലിവാഹനനായ അയ്യപ്പന്റെ പ്രതിമ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.