കൊച്ചി
മഹാരാജാസിലെ മലയാളം ഹാളിൽ പ്രൊഫ. എം കെ സാനു വീണ്ടും അധ്യാപകനായെത്തി. കവിത, ഗദ്യം നാടകം എന്നിവയെക്കുറിച്ചെല്ലാം മാഷ് പഠിപ്പിക്കുമ്പോൾ പഴയശിഷ്യരും കോളേജിലെ പുതിയ വിദ്യാർഥികളും ശ്രദ്ധയോടെ ക്ലാസിലിരുന്നു. സാംസ്കാരികവകുപ്പിനുവേണ്ടി കേരള സ്റ്റേറ്റ് ബുക്ക് മാർക്ക് ചിത്രീകരിക്കുന്ന “പ്രചോദനത്തിന്റെ പ്രവാചകർ’ പരമ്പരയ്ക്കായാണ് 96–-ാംവയസ്സിൽ എം കെ സാനു വ്യാഴാഴ്ച ക്ലാസെടുക്കാനെത്തിയത്. പ്രമുഖ അധ്യാപകരുടെ അധ്യാപന മാതൃക വരുംതലമുറയ്ക്കായി ചിത്രീകരിക്കുകയാണ് പരിപാടിയിൽ. വ്യാഴം രാവിലെ പ്രൊഫ. സി രവീന്ദ്രനാഥ് ക്ലാസെടുക്കുന്നതും ചിത്രീകരിച്ചു.
ഡോ. സെബാസ്റ്റ്യൻ പോൾ, കേരള സ്റ്റേറ്റ് ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു, മഹാരാജാസ് കോളേജ് മലയാളവിഭാഗം മേധാവി ഡോ. സുമി ജോയ് ഒലിയപ്പുറം, മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിഐസിസി ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
മഹാരാജാസ് കോളേജിലെ മലയാളവിഭാഗം, മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് “പ്രചോദനത്തിന്റെ പ്രവാചകർ’ ചിത്രീകരിക്കുന്നത്. ദൃശ്യങ്ങൾ അധ്യാപകദിനമായ സെപ്തംബർ അഞ്ചിന് വിവിധ ലൈബ്രറികൾ, സർവകലാശാലകൾ എന്നിവയ്ക്ക് കൈമാറും. ഡോ. എം എ ഉമ്മൻ, പ്രൊഫ. ബി രാജീവൻ, ഡോ. വി രാജാകൃഷ്ണൻ, പ്രൊഫ. അലിയാർ, ഡോ. ആർസു എന്നിവരുടെ അധ്യാപന മാതൃകകളുടെ ചിത്രീകരണം പൂർത്തിയായി.