തിരുവനന്തപുരം > വാഹനങ്ങൾ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കാൻ സാങ്കേതിക സമിതി രൂപീകരിച്ചു. യാത്രയ്ക്കിടയിലടക്കം വാഹനങ്ങൾ അഗ്നിക്കിരയാകുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇലക്ട്രിക്കൽ സർക്യൂട്ടിന്റെ പ്രശ്നംമൂലമാണ് 50 ശതമാനത്തിലേറെ തീപിടിത്തവുമെന്നാണ് വിലയിരുത്തൽ.
അനധികൃത മാറ്റങ്ങൾ വരുത്തുന്നതും പ്രശ്നമാകുന്നുണ്ടെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷാ കമീഷണറുടെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗം മുൻ ജോയിന്റ് ഡയറക്ടർ ഡോ. എസ് പി സുനിൽ, സാങ്കേതിക വിദഗ്ധൻ കെ ജെ രമേശ്, എസ്സിഎംഎസ് പ്രൊഫ. മനോജ് കുമാർ, ശ്രീചിത്ര എൻജിനിയറിങ് കോളേജ് ഓട്ടോമൊബൈൽ വിഭാഗം പ്രൊഫസർ ഡോ. കമൽ കൃഷ്ണ, ട്രാഫിക് പൊലീസ് ഐജി, അഡീഷണൽ ട്രാൻസ്പോർട്ട് കമീഷണർ എന്നിവർ അംഗങ്ങളായ സമിതിയാണ് രൂപീകരിച്ചത്. രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
നിയമവിരുദ്ധ പ്രവൃത്തികൾ നടത്തുന്ന വർക്ക്ഷോപ്പ് ഉടമകളെ അപകടങ്ങളുടെ ഉത്തരവാദികളായി കണക്കാക്കി കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷയിൽചേർന്ന ഉന്നതതല യോഗത്തിൽ പ്രമുഖ വാഹന നിർമാതാക്കളുടെയും വിതരണക്കാരുടെയും പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ പങ്കെടുത്തു.