കൊച്ചി > മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്തു. കൊച്ചി ഇഡി ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ. വ്യാഴം ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രിയാണ് പൂർത്തിയായത്.
അതേസമയം വെള്ളിയാഴ്ച ഹാജരാകാൻ കഴിയില്ലെന്നും ചോദ്യംചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രേഖാമൂലം ആവശ്യപ്പെട്ടു. സുധാകരനെ ചോദ്യംചെയ്യുന്നതിൽ ഇഡി ഉടൻ തീരുമാനമെടുക്കുമെന്നാണ് വിവരം.
മോൻസൺ മാവുങ്കലുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യംചെയ്തത്. 2022 ജനുവരി അഞ്ചിനും ചോദ്യംചെയ്തിരുന്നു. സുരേന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള ഭൂസ്വത്തും സാമ്പത്തിക നിക്ഷേപങ്ങളുമടക്കമുള്ള രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. രേഖകൾ നൽകിയെങ്കിലും ചില ഇടപാടുകളിൽ സംശയങ്ങളുണ്ടായി. തുടർന്നാണ് വീണ്ടും വിളിപ്പിച്ചത്. നേരത്തേ കെ സുധാകരനും മോൻസണും ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ മോൺസന്റെ മൂന്ന് ജീവനക്കാരിൽനിന്ന് ഇഡി മൊഴിയെടുത്തിരുന്നു. സുധാകരനെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയ മോൻസണിന്റെ ജീവനക്കാരായ അജി, ജോഷി, ജയ്സൺ എന്നിവരിൽനിന്നാണ് ഇഡി വിവരങ്ങൾ തേടിയത്.