ന്യൂഡൽഹി
മണിപ്പുർ കലാപത്തെതുടർന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി ഭക്ഷ്യവസ്തുക്കളും സാമ്പത്തികസഹായവും നൽകണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ രക്ഷാധികാരി ബൃന്ദ കാരാട്ട്, ജനറൽ സെക്രട്ടറി മറിയം ധാവ്ളെ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മണിപ്പുരിൽ സാധാരണ ജനജീവിതം മൂന്ന് മാസത്തിലേറെയായി സ്തംഭിച്ചിരിക്കയാണ്.
ഭൂമിശാസ്ത്രപരമായും വൈകാരികമായും മണിപ്പുർ രണ്ടായി. ആർക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല. പണം കടംവാങ്ങാനും നിവൃത്തിയില്ല. അരിക്ക് ഉൾപ്പെടെ വില കുതിച്ചുകയറി. മിക്ക കുടുംബങ്ങളിലും ഒരുനേരം മാത്രമാണ് ഭക്ഷണം. എല്ലാവർക്കും 10 കിലോഗ്രാം വീതം ധാന്യവും ഇതര ഭക്ഷ്യവസ്തുക്കളും സൗജന്യമായി നൽകണം. ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടുകൾവഴി സാമ്പത്തിക സഹായം നൽകണമെന്ന് കേന്ദ്ര–-സംസ്ഥാന സർക്കാരുകളോട് നേതാക്കൾ ആവശ്യപ്പെട്ടു.
വംശീയതയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണ് മണിപ്പുരിലെ സ്ത്രീകൾ ആക്രമിക്കപ്പെട്ടത്. അവർക്ക് നീതി ലഭ്യമാകണം. അതിനുള്ള പ്രധാനതടസ്സം മുഖ്യമന്ത്രി ബിരേൻസിങ്ങാണ്. സമാധാനത്തിനുള്ള ആദ്യ ചുവടുവയ്പ് എന്ന നിലയിൽ ബിരേൻസിങ്ങിനെ പുറത്താക്കണം. ഇന്ത്യ മണിപ്പുരിനൊപ്പമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത് ശരിയാണ്. ഇന്ത്യയും ഇന്ത്യക്കാരും മണിപ്പുരിനൊപ്പമാണ്. പക്ഷേ, മോദിയും ബിജെപിയും മണിപ്പുരിനെ വഞ്ചിച്ചു. കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയെന്ന് മണിപ്പുർ ഗവർണർ പ്രതികരിച്ചിട്ടുണ്ട്. പക്ഷേ, ഒന്നും ഉണ്ടായില്ല. രാഷ്ട്രപതിയെ കാണാൻ സമയം ചോദിച്ചിട്ടുണ്ടെന്നും മഹിളാ അസോസിയേഷൻ നേതാക്കൾ പ്രതികരിച്ചു. ബൃന്ദ കാരാട്ട്, മറിയം ധാവ്ളെ, അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി എന്നിവർ ഒൻപത് മുതൽ 11 വരെ മണിപ്പുരിൽ സന്ദർശനം നടത്തി.