കലിഫോർണിയ
മസ്തിഷ്ക തരംഗങ്ങൾ ഡീകോഡ് ചെയ്ത് വ്യക്തിയുടെ മനസ്സിലെ പാട്ട് കണ്ടുപിടിച്ച് അമേരിക്കൻ ശാസ്ത്രജ്ഞർ. കലിഫോർണിയ സർവകലാശാലയിലെ ന്യൂറോളജിസ്റ്റുകളാണ് നേട്ടം കൈവരിച്ചത്. ഇംഗ്ലീഷ് ബാൻഡ് പിങ്ക് ഫ്ലോയ്ഡിന്റെ ‘അനദർ ബ്രിക്ക് ഇൻ ദി വാൾ’ എന്ന പാട്ടാണ് തിരിച്ചറിഞ്ഞത്.
അപസ്മാരബാധിതരായ 29 പേരുടെ തലച്ചോറിൽ ശസ്ത്രക്രിയയിലൂടെ ഇലക്ട്രോഡുകൾ സ്ഥാപിച്ചു. റെക്കോഡ് ചെയ്ത തരംഗങ്ങൾ നിർമിതബുദ്ധി ഉപയോഗിച്ച് ഡീകോഡ് ചെയ്ത് പുനരാവിഷ്കരിച്ചു. ഇവ പുനക്രമീകരിച്ചപ്പോള്‍ പാട്ടിന്റെ താളവും ആദ്യവരികളും പുനരാവിഷ്കരിക്കാനായി. ഇത് വലിയ നേട്ടമാണെന്ന് ഗവേഷകർ പറഞ്ഞു.
സ്ട്രോക്ക് പോലുള്ള രോഗങ്ങൾ സംസാരശേഷിയെ ബാധിക്കുന്ന സന്ദർഭങ്ങളിൽ രോഗികളുടെ ചിന്ത കൃത്യമായി മനസ്സിലാക്കി മറ്റുള്ളവരെ അറിയിക്കാനുള്ള ഉപകരണം നിർമിക്കുകയാണ് ഗവേഷണത്തിന്റെ ലക്ഷ്യം.