ഐക്യരാഷ്ട്രകേന്ദ്രം
അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന താലിബാന്റെ നേതാക്കളെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) യിൽ വിചാരണ ചെയ്യണമെന്ന് യുഎൻ പ്രത്യേക സ്ഥാനപതി ഗോർഡൻ ബ്രൗൺ. താലിബാൻ ഭരണം പിടിച്ചെടുത്തതിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ഓൺലൈനായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്ത്രീകൾക്ക് തൊഴിൽ ചെയ്യാനുള്ള അവകാശവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുന്നതും പെൺകുട്ടികൾക്ക് വിദ്യാഭ്യാസ അവകാശങ്ങൾ നൽകാത്തതും സംബന്ധിച്ച വിവരങ്ങൾ ഐസിസി പ്രോസിക്യൂട്ടർ കരിംഖാന് കൈമാറിയതായും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രികൂടിയായ ഗോർഡൻ പറഞ്ഞു. 2021 ആഗസ്തിലാണ് താലിബാൻ അഫ്ഗാൻ ഭരണം തിരിച്ചുപിടിച്ചത്. 20 വർഷത്തെ അധിനിവേശം അവസാനിപ്പിച്ച് അമേരിക്കയും സഖ്യസൈന്യവും രാജ്യം വിട്ടതോടെയാണ് താലിബാന് ഭരണം പിടിച്ചത്.