ന്യൂഡൽഹി > സ്ത്രീകളെ കുറിച്ചുള്ള യാഥാസ്ഥിതിക നിലപാടുകൾപൊളിച്ചെഴുതുന്നത് കൂടിയാണ് സുപ്രീംകോടതി പുറത്തിറക്കിയ ലിംഗവിവേചനത്തിന് എതിരായ കൈപ്പുസ്തകം. അതിവൈകാരിക സ്വഭാവമുള്ളവരാണ് സ്ത്രീകളെന്ന കാഴ്ച്ചപ്പാട് അബദ്ധമാണെന്ന് പുസ്തകത്തിൽപറയുന്നു. സ്ത്രീയാണോ പുരുഷനാണോ എന്ന വസ്തുതയും യുക്തിസഹമായി തീരുമാനങ്ങൾഎടുക്കാനുള്ള കഴിവും തമ്മിൽബന്ധമില്ലെന്നാണ് വിശദീകരണം. മറ്റ് യാഥാസ്ഥിതക കാഴ്ച്ചപ്പാടുകളും അതിന് കൈപുസ്തകത്തിലുള്ള വിശദീകരണങ്ങളും ചുവടെ.
സ്ത്രീകൾ പുരുഷൻമാരേക്കാൾ ശാരീരികമായി ദുർബലരാണ്: ശാരീരികമായി സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. എന്നാൽ, എല്ലാ സ്ത്രീകളും പുരുഷൻമാരേക്കാൾ ദുർബലരാണെന്ന വാദം ശരിയല്ല. ശക്തി – ദൗർബല്യങ്ങൾ പുരുഷനാണോ സ്ത്രീയാണോയെന്ന ഒറ്റ കാര്യത്തിൽ ആശ്രയിച്ചുള്ള കാര്യമല്ല. ജോലി, ജനിതകസ്വഭാവം, ശാരീരികമായ പ്രവൃത്തികൾ തുടങ്ങിയ കാര്യങ്ങൾക്ക് ഇതിൽ വലിയ പങ്കുണ്ട്.
അവിവാഹിതരായ സ്ത്രീകൾക്ക് നിർണായകതീരുമാനങ്ങൾ എടുക്കാൻ കഴിവില്ല: തീരുമാനങ്ങൾ എടുക്കാനുള്ള ഒരാളുടെ കഴിവും വിവാഹം കഴിച്ചോ ഇല്ലയോയെന്ന വസ്തുതയും തമ്മിൽ ബന്ധമില്ല.
എല്ലാവീട്ടുജോലികളും സ്ത്രീകൾ നിർവഹിക്കണം: ഒരു വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ എല്ലാവർക്കും കഴിവുണ്ട്. സ്ത്രീകളാണ് വീട്ടുജോലികൾ ചെയ്യേണ്ടതെന്ന ചിന്താഗതി പുരുഷൻമാരിൽ സൃഷ്ടിക്കപ്പെടുന്നതാണ്.
കുട്ടികളെ നോക്കേണ്ട സ്ത്രീകൾ ഔദ്യോഗികകൃത്യനിർവഹണത്തിൽ പിന്നിലാണ്: കുട്ടികളെ പരിപാലിക്കുന്ന സ്ത്രീകൾ ഔദ്യോഗികരംഗത്ത് ഏത് കർത്തവ്യങ്ങളും നിറവേറ്റാൻ പ്രാപ്തിയുള്ളവരാണ്.
മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യുന്ന സ്ത്രീകൾ പുരുഷൻമാർക്ക് എളുപ്പം വഴങ്ങും: മദ്യപിക്കാനും സിഗരറ്റ് വലിക്കാനുമുള്ള സ്വാതന്ത്രം സ്ത്രീകൾക്കുമുണ്ട്. എന്നാൽ, ആ ശീലങ്ങൾ എളുപ്പത്തിൽ പുരുഷന് വഴങ്ങുമെന്നതിന്റെ സൂചനയല്ല. ഒപ്പം മദ്യപിക്കുകയോ സിഗരറ്റ് വലിക്കുയോ ചെയ്തുവെന്ന കാര്യം സ്ത്രീകളെ അനുവാദമില്ലാതെ സ്പർശിക്കാനുള്ള ന്യായീകരണമല്ല.
ലൈംഗികാതിക്രമങ്ങൾക്ക് ഇരകളാകുന്ന സ്ത്രീകൾ ഉടനടി പരാതിപ്പെടും. അതല്ലെങ്കിൽ അവർ നുണ പറയുകയാണ്: ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ അസാമാന്യമായ ധൈര്യവും കരുത്തും സംഭരിക്കേണ്ടതുണ്ട്. സാമൂഹ്യമായ വിലക്കുകൾ പേടിച്ചാണ് പലരും അതിന് മടിക്കുന്നത്. ഈ കാരണങ്ങൾ കൊണ്ട്, ലൈംഗികാതിക്രമം നേരിട്ട് കുറച്ച് കാലത്തിന് ശേഷം, പരാതികൾ നൽകുന്നതിൽ വൈരുധ്യമില്ല. ഇത്തരം വിഷയങ്ങളിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ നേടാനും ചിലപ്പോൾ സമയമെടുത്തേക്കും.