മണർകാട് > പഞ്ചായത്ത് പ്രസിഡന്റാകാൻപോലും വർഗീയതയെ കൂട്ടുപിടിക്കുന്ന യുഡിഎഫ് മണിപ്പുരിന്റെയും ഹരിയാനയുടെയും അനുഭവം മനസ്സിലാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ വിജയത്തിനായി മണർകാട് ചേർന്ന നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെളിനീരിൽ വിഷം കലക്കുന്ന അനുഭവമാകും സമൂഹത്തിൽ വർഗീയത പടർത്തിയാൽ ഉണ്ടാവുക. ബിജെപിയുമായി സഹകരിക്കുന്നവർ അത് മനസ്സിലാക്കണം.
ബിജെപിയുടെയും കോൺഗ്രസിന്റെയും ശത്രു ഇടതുപക്ഷമാണ്. അതിനാൽ ഒന്നിച്ചു നിൽക്കാമെന്നാണ് രണ്ടുകൂട്ടരും കരുതുന്നത്. മൃദുഹിന്ദുത്വത്തെ പിന്തുണയ്ക്കുന്ന കോൺഗ്രസിന് ബിജെപിയുമായി സഹകരിക്കാൻ മടിയില്ല. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ മോശമല്ലാത്ത അനുപാതത്തിൽ വിന്യസിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. ലോകത്ത് ഒരു പ്രദേശവും ഇങ്ങനെയില്ല. ആർഎസ്എസ് വിചാരധാരയിൽ പറഞ്ഞ ആഭ്യന്തര ശത്രുക്കളും ഇന്ത്യയിൽ ഏറ്റവുമധികമുള്ള സംസ്ഥാനം കേരളമാണ്. ഫാസിസം ശക്തമാകുകയും സമൂഹം വിഭജിക്കപ്പെടുകയും ചെയ്താലുണ്ടാകുന്ന അപകടം തിരിച്ചറിയണം.
മണിപ്പുരിൽ ശത്രുരാജ്യങ്ങളിലേപോലെ വേർതിരിക്കപ്പെട്ടിരിക്കയാണ് ജനം. മണിപ്പുരിലേത് കലാപമല്ല. ഗുജറാത്തിലേതുപോലെ ബോധപൂർവം ആസൂത്രണം ചെയ്ത വംശഹത്യയാണ്. കുക്കികൾ വനസമ്പത്തും ലഹരിവസ്തുക്കളും കടത്തുകയാണെന്ന് നിരന്തരം പ്രചരിപ്പിച്ചു. ഒപ്പം താഴ്വരയിലെ മെയ്ത്തികൾക്ക് ആയുധ പരിശീലനം നൽകി. സ്വയംസന്നദ്ധ സൈന്യത്തെ ഉണ്ടാക്കി. കോർപറേറ്റ് ലക്ഷ്യം പൂർത്തീകരിക്കാൻ ആയുധമായി സംവരണത്തെ ബിജെപി ഗവൺമെന്റ് ഉപയോഗിച്ചു.
രാജ്യം തലകുനിച്ച ക്രൂരതകളാണ് മണിപ്പുരിൽ കണ്ടത്. ഹരിയാനയിൽ മുസ്ലിം വീടുകളും സ്വത്തുവകകളും തകർക്കപ്പെട്ടു. രാജ്യത്തെവിടെയും കലാപം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമൊരുക്കിയാണ് 2024ലെ തെരഞ്ഞെടുപ്പ് ബിജെപി ആസൂത്രണം ചെയ്യുന്നതെന്നും മറക്കരുത് –- എം വി ഗോവിന്ദൻ പറഞ്ഞു.