ന്യൂഡൽഹി > ഉദ്യോഗസ്ഥരെ നേരിട്ട് കോടതികളിലേക്ക് വിളിച്ചുവരുത്തുന്നത് പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സർക്കാർ ഉദ്യോഗസ്ഥർ കോടതികളിൽ നേരിട്ട് ഹാജരാകുന്നത് സംബന്ധിച്ച് പുറത്തിറക്കിയ മാർഗരേഖയിലാണ് കേന്ദ്ര നിര്‍ദേശം. പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ ഹാജരാകാൻ അനുവദിക്കണമെന്നും മാർഗരേഖയിൽ (എസ്ഒപി) പറയുന്നു.
സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമ്പോൾ ജഡ്ജിമാർ ഉദാരസമീപനം സ്വീകരിക്കണമെന്ന രീതിയിലുള്ള നിർദേശവും എസ്ഒപിയിലുണ്ട്. കോടതി ഉത്തരവും നിർദേശവും ലംഘിച്ചത് മനഃപൂർവമല്ലെന്ന് ബോധ്യപ്പെട്ടാൽ ഉദ്യോഗസ്ഥരെ ശിക്ഷിക്കരുത്. കോടതികളിൽ നേരിട്ട് ഹാജരാകുന്ന ഉദ്യോഗസ്ഥരുടെ വേഷവിധാനം, സാമൂഹ്യ–- വിദ്യാഭ്യാസ പശ്ചാത്തലം തുടങ്ങിയവയിൽ ജഡ്ജിമാർ അനാവശ്യമായ പരാമർശങ്ങൾ നടത്തരുത്–- തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ.
സുപ്രീംകോടതിയിൽ കഴിഞ്ഞദിവസം ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത എസ്ഒപിയുടെ കാര്യം ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തി. എസ്ഒപി എല്ലാ ഹൈക്കോടതികളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായം തേടാനായി അയച്ചുകൊടുക്കാൻ ചീഫ്ജസ്റ്റിസ് നിർദേശിച്ചു. അടുത്തിടെ, ജഡ്ജിമാർക്ക് വിരമിച്ചതിനുശേഷമുള്ള ആനുകൂല്യം വിതരണം ചെയ്യുന്നതിൽ വീഴ്ച കാണിച്ചെന്നപേരിൽ ഉത്തർപ്രദേശിലെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ എടുക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.