കൊച്ചി
എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ജനാഭിമുഖ കുർബാന അർപ്പിച്ച് ഒരു വിഭാഗം വൈദികർ. മാര്‍പാപ്പ അംഗീകരിച്ച ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ വിസമ്മതിക്കരുതെന്ന മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ് സിറിള്‍ വാസിലിന്റെ നിര്‍ദേശം തള്ളിയാണ് അതിരൂപത വൈദികര്‍ കുർബാന അർപ്പിച്ചത്.
ചൊവ്വ വൈകിട്ടോടെ ബിഷപ് ഹൗസിൽനിന്ന് ഒരു വിഭാഗം പ്രദക്ഷിണമായെത്തിയാണ് കുർബാന അർപ്പിച്ചത്. ഇരുനൂറ്റിയമ്പതോളം വൈദികരും ആയിരത്തിലധികം വിശ്വാസികളും ബസിലിക്ക അങ്കണത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് എറണാകുളം അതിരൂപത വൈദികരുടെ കൂട്ടായ്മയായ സംരക്ഷണസമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്റെ മുഖ്യകാര്‍മികത്വത്തില്‍ ജനാഭിമുഖ കുർബാനയും അർപ്പിച്ചു. കൊരട്ടി ഫൊറോന വികാരി ജോസ് ഇടശേരി മുഖ്യസന്ദേശം നല്കി. അതിരൂപതയിലെ മുഴുവന്‍ ഇടവകകളിലെയും പാരിഷ് കൗണ്‍സില്‍, ജനാഭിമുഖ കുര്‍ബാന മാത്രമേ ഓരോ ഇടവക പള്ളിയിലും അനുവദിക്കൂവെന്ന് ഇടവക വികാരിമാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ഒപ്പിട്ട പ്രമേയം ഇടവക പ്രതിനിധികള്‍ കൈമാറി. പ്രമേയത്തിന്റെ പകര്‍പ്പ് മാര്‍ സിറില്‍ വാസിലിനും വത്തിക്കാന്‍ സ്ഥാനപതിക്കും മാര്‍പാപ്പയ്ക്കും സമര്‍പ്പിക്കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു.
എതിർപ്പുകളോട് സന്ധിയില്ലെന്ന് മാർപാപ്പയുടെ പ്രതിനിധി
ഏകീകൃത കുർബാനയെ എതിർക്കുന്നവരുമായി സന്ധിയില്ലെന്ന് പ്രഖ്യാപിച്ച് മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് മാർ സിറിൽ വാസിൽ.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ എത്തിയപ്പോൾ ഏകീകൃത കുർബാനക്രമത്തെ എതിർക്കുന്നവരിൽനിന്ന് കടുത്ത പ്രതിഷേധം നേരിട്ട മാർ സിറിൽ വാസിൽ ചൊവ്വ രാവിലെ സിറോമലബാർസഭ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അസന്ദിഗ്ദമായി പ്രഖ്യാപിച്ചത്.
ഏകീകൃത കുർബാനയർപ്പണത്തിന് നിയമാനുസൃതം ഉത്തരവാദപ്പെട്ടവർ എടുത്ത തീരുമാനത്തെ എതിർക്കുന്നവർ മാർപാപ്പയുടെ കൂടെയാണോ അതോ അദ്ദേഹത്തിന് എതിരാണോ എന്ന് മാർ സിറിൽ വാസിൽ ചോദിച്ചു. ഇക്കാര്യത്തിൽ ഇനി അനന്തമായ ചർച്ചകൾ ഉണ്ടാകില്ല. എല്ലാ പരാതികളും എതിർപ്പുകളും മാർപാപ്പ കേട്ടതാണ്. തുടർന്നാണ് അദ്ദേഹം ഐക്യത്തിന് അഭ്യർഥിച്ചത്. എറണാകുളം–-അങ്കമാലി അതിരൂപതയിലെ സന്യസ്തർക്കും അൽമായർക്കും അദ്ദേഹം കത്തയച്ച് പ്രത്യേക അഭ്യർഥന നടത്തിയിട്ടും എതിർപ്പ് തുടർന്നപ്പോഴാണ് വിയോജിക്കുന്ന മെത്രാന്മാരെയും വൈദികരെയും അനുസരണത്തിലേക്ക് കൊണ്ടുവരാൻ തന്നെ അയച്ചത്.
നിങ്ങൾ മാർപാപ്പയോടൊപ്പമാണോ എന്നും കത്തോലിക്കാ സഭയിലെയും സിറോമലബാർസഭയിലെയും വൈദികരും അംഗങ്ങളുമായി തുടരാൻ ആഗ്രഹിക്കുന്നുണ്ടോ എന്നും മാർ സിറിൽ വാസിൽ ചോദിച്ചു. മാർപാപ്പയെ അനുസരിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ, അതോ നിങ്ങളെ കത്തോലിക്കാ സഭയിൽനിന്ന് വേർതിരിക്കുന്ന ചില പുരോഹിതന്മാരെ കേൾക്കാനാണോ താൽപ്പര്യപ്പെടുന്നത്? അക്രമാസക്തരായ പ്രതിഷേധക്കാരുടെ ചെറുസംഘങ്ങളെ നിങ്ങൾ ഭയപ്പെടുന്നുണ്ടോ? തുടർച്ചയായ പ്രതിഷേധവും തിരസ്കരണവും സഭയ്ക്ക് വലിയ ദോഷം ചെയ്യുമെന്നും വേഗം ശരിയായ തീരുമാനമെടുക്കണമെന്നും മാർ സിറിൽ വാസിൽ ആവശ്യപ്പെട്ടു.
സംഘർഷത്തിൽ
കേസെടുത്തു
എറണാകുളം സെന്റ് മേരിസ് ബസിലിക്കയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന നൂറോളംപേർക്കെതിരെ സെൻട്രൽ പൊലീസ് കേസെടുത്തു. പള്ളി അഡ്മിനിസ്ട്രേറ്റർ ആന്റണി പൂതവേലിലിന്റെ പരാതിയിലാണ് നടപടി.അന്യായമായ സംഘംചേരൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടംവരുത്തൽ തുടങ്ങിയ വകുപ്പുകളിലാണ് കേസ്. തിങ്കൾ വൈകിട്ട് മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് സിറിൽ വാസിൽ ബസിലിക്കയിൽ എത്തിയപ്പോൾ ഏകീകൃത കുർബാനത്തർക്കവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം വിശ്വാസികൾ പ്രതിഷേധിച്ചിരുന്നു. ഇത് സംഘർഷത്തിലേക്കും നയിച്ചു. ആർച്ച് ബിഷപ്പിനെ പ്രതിഷേധക്കാർ തടഞ്ഞതോടെ പൊലീസ് എത്തിയാണ് ഇവരെ നീക്കിയത്.
പ്രതിഷേധപ്രകടനങ്ങൾ ഖേദകരം
എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക സന്ദർശിച്ച ആർച്ച്ബിഷപ് സിറിൽ വാസിലിനെതിരെയുണ്ടായ പ്രതിഷേധപ്രകടനങ്ങൾ ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് സിറോ മലബാർ സഭ മീഡിയ കമീഷൻ സെക്രട്ടറി ഡോ. വി സി ആന്റണി വടക്കേക്കര പ്രസ്താവനയിൽ പറഞ്ഞു. പൊന്തിഫിക്കൽ ഡെലിഗേറ്റിനെ ആവശ്യപ്പെട്ടവർതന്നെ തടയുന്നതും പ്രതിഷേധം നടത്തുന്നതും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.