തിരുവനന്തപുരം
പരിസ്ഥിതി ദുർബല പ്രദേശമായ ചിന്നക്കനാലിൽ അനധികൃതമായി നിർമിച്ച റിസോർട്ടിന്റെ നിയമസാധുതയ്ക്കായും മാത്യു കുഴൽനാടൻ എംഎൽഎ വഴിവിട്ട് ശ്രമിച്ചു. ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയ സ്ഥലത്തെ 4000 ചതുരശ്രയടിയുള്ള കെട്ടിടത്തിന്റെ വിവരം മറച്ചുവച്ച് ഇവിടെ വീട് നിർമിക്കാൻ വ്യാജ അപേക്ഷ നൽകിയായിരുന്നു തട്ടിപ്പ്.
ഇതിനായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറാം വാർഡിൽ സ്ഥിരതാമസക്കാരനാണെന്ന തെറ്റായ വിവരവും നൽകി. വീട് നിർമാണത്തിന് അനുമതി വാങ്ങി നിലവിലെ കെട്ടിടത്തിന് പഞ്ചായത്ത് നമ്പർ നേടുകയായിരുന്നു ലക്ഷ്യം. സർവേ നമ്പർ 34/1-12-2ൽ അമ്പത്തിനാലര സെന്റിലാണ് വീടിന് അനുമതി തേടിയത്. ഇതിനായി നിരാക്ഷേപ പത്രം (എൻഒസി) ആവശ്യപ്പെട്ട് ഏപ്രിൽ ഒന്നിന്ന് ഉടുമ്പൻചോല തഹസിൽദാർക്ക് അപേക്ഷ നൽകി. വസ്തുവും ആഡംബര കെട്ടിടവും രജിസ്റ്റർ ചെയ്ത ബിനാമികളായ ടോണി സാബു, ടോം സാബു എന്നിവരും അപേക്ഷയിൽ പേരുകാരാണ്. കുഴൽനാടനാണ് ഒന്നാം പേരുകാരൻ. സ്ഥലപരിശോധന നടത്തിയ ചിന്നക്കനാൽ വില്ലേജ് ഓഫീസർ സുനിൽ കെ പോൾ ഭൂമിയിൽ പത്തുവർഷം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടമുണ്ടെന്ന് റിപ്പോർട്ട് നൽകി. എന്നാൽ, നിരാക്ഷേപ പത്രം നൽകാമെന്നും ശുപാർശ ചെയ്തു. ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറി ജെ സന്തോഷ് കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള നിയമ നടപടി സ്വീകരിക്കാതെ കുഴൽനാടനെ സഹായിച്ചതായും ആരോപണമുണ്ട്. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവരെ എംഎൽഎ പദവി ദുരുപയോഗം ചെയ്ത് സ്വാധീനിച്ചെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
നടന്നത് കള്ളപ്പണം വെളുപ്പിക്കലും
ചിന്നക്കനാലിലെ ഭൂമി ഇടപാടിലൂടെ മാത്യു കുഴൽനാടൻ എംഎൽഎ നടത്തിയത് കള്ളപ്പണം വെളുപ്പിക്കലും. ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട 2021 മാർച്ച് 18ലെ കരാർപ്രകാരം ഉടമയായിരുന്ന കൊല്ലം ശക്തികുളങ്ങര മീനത്തുചേരി കപ്പിത്താൻസ് മാനറിൽ ജന്നിഫർ അൽഫോൺസിന് 1,92,60,000 രൂപ മാത്യു കുഴൽനാടന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് കൈമാറി. അടുത്തദിവസം തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിൽ വസ്തുവിന് മൂന്നരക്കോടി രൂപ മൂല്യമുണ്ടെന്നാണ് കാണിച്ചത്.
ഈ സത്യവാങ്മൂലത്തിൽ പറഞ്ഞ വിവരം വാസ്തവമാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. റിസോർട്ട് കെട്ടിടം ഉൾപ്പെടെ ഭൂമിയുടെ കച്ചവടത്തിന് ഏഴുകോടി രൂപ വില നിശ്ചയിച്ചു. ഇതിൽ കുഴൽനാടന്റെ പങ്കായ മൂന്നരക്കോടി രൂപ അദ്ദേഹം സത്യവാങ്മൂലത്തിൽ കാണിച്ചു. ‘ഡീലിന്റെ’ ഭാഗമായിരുന്ന മറ്റു രണ്ടുപേരുടെ 25 ശതമാനം വീതം പങ്കായിരുന്നു ബാക്കിയുള്ള മൂന്നരക്കോടി രൂപ. എന്നാൽ, ആധാരം രജിസ്ട്രേഷനും നികുതി ഒടുക്കൽ നടപടിക്കും കാട്ടിയത് 1,92,60,000 രൂപയുടെ കച്ചവടമെന്നാണ്. കുഴൽനാടൻ ഈ തുക അക്കൗണ്ടിൽക്കൂടി നൽകുകയും തന്റെ പങ്കായ മൂന്നരക്കോടിയിൽ ബാക്കി ഒന്നരക്കോടിയോളം രൂപ കള്ളപ്പണമായി നൽകുകയും ചെയ്തെന്നാണ് ആരോപണം.
ഒപ്പ് വ്യാജമെന്നും സംശയം
കെട്ടിടനിർമാണത്തിന് അനുമതി തേടി ദേവികുളം തഹസിൽദാർക്ക് നൽകിയ അപേക്ഷയിൽ മാത്യു കുഴൽനാടൻ ഇട്ടത് വ്യാജ ഒപ്പാണെന്ന് സംശയം.
അപേക്ഷയിലെ ഒപ്പും കുഴൽനാടൻ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ ഒപ്പും വ്യത്യസ്തമാണ്. അപേക്ഷ പുറത്തായാൽ തടിയൂരാനാണ് ഇതെന്നാണ് ആക്ഷേപം.