ബംഗളൂരു
ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക് സന്തോഷവാർത്ത. പ്രധാന താരങ്ങളായ ലോകേഷ് രാഹുലും ശ്രേയസ് അയ്യരും പരിക്കുമാറി തിരിച്ചുവരുന്നു. ഐപിഎല്ലിനിടെയാണ് വിക്കറ്റ് കീപ്പർ ബാറ്ററായ രാഹുലിന്റെ തുടയെല്ലിന് പരിക്കേറ്റത്. മധ്യനിര ബാറ്ററായ ശ്രേയസിന് പുറംവേദനയും വലച്ചു. മാർച്ചിൽ നടന്ന ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് പരിക്കേറ്റത്. ഇരുവരും ഇംഗ്ലണ്ടിൽ ശാസ്ത്രക്രിയക്ക് വിധേയരായിരുന്നു. രണ്ട് മാസമായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ശാരീരികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞദിവസം പരിശീലന മത്സരത്തിനിറങ്ങി. ഈ മാസം 30ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ടീമിൽ ഉൾപ്പെടുമെന്നാണ് സൂചനകൾ. ഞായറാഴ്ചയാണ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക.
വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്, രാഹുലും ശ്രേയസും മടങ്ങിവരുമെന്ന സൂചന നൽകിയിരുന്നു. ‘പരിക്കുമാറി കുറച്ചുപേർ എത്തുന്നുണ്ട്. ലോകകപ്പിന് മുന്നേ അവർക്ക് കളിക്കാൻ അവസരം നൽകും. 23 മുതൽ ബംഗളൂരുവിൽ പരിശീലന ക്യാമ്പ് ആരംഭിക്കും’–-ദ്രാവിഡ് വ്യക്തമാക്കി. രാഹുലിനും ശ്രേയസിനെയും കൂടാതെ ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ എന്നിവരായിരുന്നു പരിക്കേറ്റ് പുറത്തിരിക്കുന്ന ഇന്ത്യൻ കളിക്കാർ. ഇതിൽ പേസർമാരായ ബുമ്രയും പ്രസിദ്ധും അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലുണ്ട്. ബുമ്ര ക്യാപ്റ്റനുമാണ്.
ഏകദിനത്തിൽ മധ്യനിരയിലെ ബാറ്റിങ് പോരായ്മയാണ് ഇന്ത്യയെ വലട്ടുന്നത്. രാഹുലും ശ്രേയസും തിരിച്ചെത്തിയാൽ ആശ്വാസമാകും. വിക്കറ്റ് കീപ്പർ ബാറ്ററായാണ് രാഹുലിനെ പരിഗണിക്കുക. അഞ്ചാംനമ്പറിൽ ബാറ്റ് ചെയ്യും. ശ്രേയസാകട്ടെ കാലങ്ങളായി ഇന്ത്യ നേരിടുന്ന നാലാംനമ്പർ എന്ന തലവേദനയ്ക്കുള്ള പരിഹാരവുമാകും. ഈ വേഷത്തിൽ തിളങ്ങിയിട്ടുണ്ട് വലംകൈയൻ. ശ്രേയസിന്റെ അഭാവത്തിൽ സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, അക്സർ പട്ടേൽ തുടങ്ങിയവരെയെല്ലാം നാലാംനമ്പറിൽ പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. വിക്കറ്റ് കീപ്പർ ബാറ്ററായി ഏഷ്യാ കപ്പിലും ലോകകപ്പിലും ഇടംപിടിക്കാനുള്ള സഞ്ജുവിന്റെ സാധ്യതകളും അവസാനിച്ചു. രാഹുലിനെ കൂടാതെ ഇടംകൈയൻ ഇഷാൻ കിഷനാണ് സാധ്യതാ പട്ടികയിലെ മറ്റൊരാൾ.