തിരുവനന്തപുരം
സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളിൽ ലിറ്റിൽ കൈറ്റ്സ് ഉണ്ടാക്കിയ മാറ്റങ്ങൾ കിടിലമാണെന്ന് വേദിയും സദസ്സും. കൈറ്റ് സംഘടിപ്പിച്ച ഡിജിറ്റൽ എഡ്യൂക്കേഷൻ കോൺക്ലേവിലാണ് വിദ്യാർഥികൾ അനുഭവങ്ങൾ പങ്കിട്ടത്. വ്യാജവാർത്തകൾ എങ്ങനെ തിരിച്ചറിയാൻ കഴിയുന്നുവെന്നും സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ച് അനിമേറ്റർമാരായി മാറിയതും വിദ്യാർഥികൾ വിശദീകരിച്ചു. നിർമിച്ച അനിമേഷൻ ചിത്രങ്ങളും വീഡിയോയും പ്രദർശിപ്പിച്ചു. സ്കൂൾ വിക്കിയിലൂടെ മലയാളം കംപ്യൂട്ടിങ്ങും വീഡിയോ എഡിറ്റിങ്ങും ബുക്ക് പബ്ലിഷിങ്ങും നടത്തിയതും അവർ ആവേശത്തോടെ വിശദീകരിച്ചു.
കോൺക്ലേവിൽ മുൻ വിദ്യാഭ്യാസമന്ത്രി എം എ ബേബി “കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ രണ്ട് ദശാബ്ദങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
മന്ത്രി വി ശിവൻകുട്ടി, കൈറ്റ് സിഇഒ അൻവർ സാദത്ത്, യൂനിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് സെയ്ദ് മെഹമ്മൂദ്, ടി എം തോമസ് ഐസക്, ഗുരുമൂർത്തി കാശിനാഥൻ, കോട്ടൺഹിൽ സ്കൂൾ അധ്യാപിക ആമിന റോഷ്നി, പെഡഗോജി വിദഗ്ധൻ ഡോ. പി കെ ജയരാജ് എന്നിവർ സംസാരിച്ചു. 12 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്.