ബംഗളൂരു
ഏഷ്യൻ സീനിയർ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ. എറണാകുളം അങ്കമാലി കറുകുറ്റിയിൽനിന്നുള്ള എറിൻ വർഗീസ് (കേരള പൊലീസ്), മലപ്പുറം പരപ്പനങ്ങാടി സ്വദേശി എ ഷമീമുദീൻ (എയർഫോഴ്സ്), വയനാട് പുൽപ്പള്ളിക്കാരൻ ജോൺ ജോസഫ് എന്നിവരാണ് ടീമിൽ ഇടംപിടിച്ചത്. മുൻ ഇന്ത്യൻ നായകൻ ടോം ജോസഫ് സഹപരിശീലകനായി ടീമിലുണ്ട്. 20 വർഷത്തോളം ഇന്ത്യൻ ജേഴ്സി അണിഞ്ഞ ടോം ആദ്യമായി രാജ്യത്തിന്റെ പരിശീലകനാകുകയാണ്.
ദേശീയ ഗെയിംസിൽ കേരള ടീം അംഗങ്ങളായിരുന്ന ജെറൊം വിനീത്, മുത്തുസാമി എന്നിവരും ടീമിലുണ്ട്. 19 മുതൽ 26 വരെ ഇറാനിലാണ് ചാമ്പ്യൻഷിപ്. 18 ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യ ‘ഇ’ ഗ്രൂപ്പിലാണ്. 19ന് ഖത്തറിനെയും 21ന് അഫ്ഗാനിസ്ഥാനെയും നേരിടും. 2005ൽ നാലാംസ്ഥാനം നേടിയതാണ് ഇതുവരെയുള്ള നേട്ടം. കഴിഞ്ഞതവണ ഒമ്പതാമതായി. ഹാട്രിക് കിരീടമാണ് ആതിഥേയരായ ഇറാന്റെ ലക്ഷ്യം. ജപ്പാൻ ഒമ്പതുതവണ ജേതാക്കളായിട്ടുണ്ട്. ദക്ഷിണകൊറിയയും ഇറാനും നാലുവീതം.
ടീം: മുത്തു സാമി, വിനായക്, വിനീത് കുമാർ, ജെറൊം വിനീത്, ഐശ്വൽ റായ്, ജോൺ ജോസഫ്, എ ഷമീമുദീൻ, അസ്മത്തുള്ള, അമിത് ഗുലിയ, രോഹിത് കുമാർ, എറിൻ, ഹരിപ്രസാദ്. ജയദീപ് സർക്കാർ (മുഖ്യ പരിശീലകൻ). ടോം ജോസഫ്, ദാവീന്ദർ ചൗഹാൻ (സഹ പരിശീലകർ), ലക്ഷ്മി നാരായണ (മാനേജർ).