കൊച്ചി > എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. പള്ളി അഡ്മിനിസ്ട്രേറ്റർ ആന്റണി പൂതവേലിൽ നൽകിയ പരാതിയിൽ അന്യായമായ സംഘംചേരൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
തിങ്കളാഴ്ച വൈകിട്ട് മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് സിറിൽ വാസിൽ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെത്തിയപ്പോൾ ഏകീകൃത കുർബാനത്തർക്കവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം വിശ്വാസികളുടെ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ആർച്ച് ബിഷപ്പിനെ പ്രതിഷേധക്കാർ തടഞ്ഞതോടെ പൊലീസ് എത്തിയാണ് ഇവരെ നീക്കിയത്.