തിരുവനന്തപുരം> വാർത്തകളെ വക്രീകരിച്ച് അവതരിപ്പിച്ചിരിക്കുന്ന മാതൃഭൂമിയുടെയും മനോരമയുടെയും ശൈലി വസ്തുതകൾ നിരത്തി പൊളിച്ച് മന്ത്രി എം ബി രാജേഷ്. കേന്ദ്രവിഹിതം മുൻപൊരിക്കലുമില്ലാത്ത വിധത്തിൽ വെട്ടിക്കുറച്ച വാർത്തയും രാജ്യത്ത് വിലക്കയറ്റം റിസർവ് ബാങ്ക് നിശ്ചയിച്ച പരമാവധി പരിധിയും കടന്ന് കുതിച്ചുയരുന്ന വാർത്തയും മാതൃഭൂമിയും മലയാള മനോരമയും നൽകിയത് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിശദീകരണം.
‘എത്ര സൂക്ഷ്മമായാണ് ഈ പത്രങ്ങളെല്ലാം തങ്ങളുടെ രാഷ്ട്രീയം വാർത്തയിൽ വിന്യസിക്കുന്നത് എന്നതിന് ഒന്നാന്തരം തെളിവാണ് ഇവ. അതുകൊണ്ട് പത്രവായന തലക്കെട്ടിൽ മാത്രം ഒതുക്കരുത്. ഉള്ളടക്കത്തിൽ എഴുതിവെച്ച വരികൾ മാത്രമല്ല, വരികൾക്കിടയിലും വായിക്കാൻ ശീലിക്കണം’- മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
വളരെ പ്രധാനപ്പെട്ട രണ്ട് വാർത്തകൾ ഇന്നത്തെ പ്രധാന പത്രങ്ങൾ കൈകാര്യം ചെയ്ത രീതി ഏറെ ശ്രദ്ധിക്കേണ്ടതാണ്. മാതൃഭൂമിക്ക് ഇന്ന് രണ്ട് പത്രങ്ങളുണ്ട്. അതിൽ ഒന്നിലെ ഒന്നാം പേജ് ലീഡ് ‘കേരളത്തിന്റെ റവന്യൂ വരുമാനം കൂപ്പുകുത്തി, കുറഞ്ഞത് 16.2%’ എന്നാണ്. അതിന് താഴെ കേന്ദ്രഗ്രാന്റ് കുത്തനെ കുറഞ്ഞതാണ് പ്രധാന കാരണമെന്നും, കേരളത്തിന്റെ തനതു നികുതി വരുമാനം 12.6% കൂടിയിട്ടും പ്രയോജനമുണ്ടായില്ല എന്നും കൊടുത്തിട്ടുണ്ട്.
അതായത് കേരളത്തിന്റെ റവന്യൂ വരുമാനം കൂപ്പുകുത്തിയതിന്റെ ഏക കാരണം കേന്ദ്രവിഹിതം മുൻപൊരിക്കലുമില്ലാത്ത വിധത്തിൽ വെട്ടിക്കുറച്ചതാണ്. യഥാർത്ഥത്തിൽ അതല്ലേ തലക്കെട്ടിൽ വരേണ്ടത്? ‘കേന്ദ്രവിഹിതം കുത്തനെ വെട്ടിക്കുറച്ചു, കേരളത്തിന്റെ വരുമാനം കൂപ്പുകുത്തി’ എന്ന തലക്കെട്ടല്ലേ ന്യായമായും ഉണ്ടാവേണ്ടിയിരുന്നത്? വാർത്തയുടെ ഉള്ളടക്കത്തിൽ പറയുന്നു, കേന്ദ്രത്തിൽ നിന്ന് കിട്ടിക്കൊണ്ടിരുന്ന വിഹിതത്തിൽ 82% കുറവുണ്ടായി എന്ന്. കേരളത്തിന്റെ റവന്യൂ വരുമാനം 12.6% കൂടിയിട്ടും കേന്ദ്രം വരുത്തിയ ഭീമമായ കുറവ് കേരളത്തിന്റെ ആകെ റവന്യൂ വരുമാനം കുറയാനിടയാക്കി. മാത്രമല്ല, കേരളത്തിൽ പ്രതിസന്ധിയുടെ കാരണം ധൂർത്തും പാഴ്ചെലവുമാണെന്ന പ്രചാരണം പൊളിക്കുന്ന വസ്തുതയും വാർത്തയുടെ ഉള്ളടക്കത്തിലുണ്ട്. തനതുനികുതി വരുമാനത്തേക്കാൾ കുറഞ്ഞ തോതിൽ മാത്രമേ റവന്യൂ ചെലവ് ഉയർന്നിട്ടുള്ളൂ എന്നതാണത്. ചെലവ് അധികരിച്ചതല്ല, കേന്ദ്രം ദ്രോഹിച്ചതാണ് ഈ പ്രതിസന്ധിയുടെ പ്രധാനപ്പെട്ട കാരണം. ഇത് മറ്റ് പത്രങ്ങളൊന്നും വാർത്തയാക്കിയിട്ടുമില്ല.
ഇന്ന് ഇന്ത്യയിലെ എല്ലാ പത്രങ്ങളുടെയും പ്രധാന വാർത്ത, രാജ്യത്ത് വിലക്കയറ്റം റിസർവ് ബാങ്ക് നിശ്ചയിച്ച പരമാവധി പരിധിയും കടന്ന് കുതിച്ചുയരുന്നതാണ്. മാതൃഭൂമിയുടെ രണ്ടാമത്തെ പത്രത്തിലെ ഒന്നാം പേജ് ലീഡിൽ ‘ജൂലൈയിലെ പണപ്പെരുപ്പം 7.44%, പരിധിവിട്ടു’ എന്ന വലിയ അക്ഷരങ്ങളിൽ നൽകിയിട്ടുണ്ട്. പണപ്പെരുപ്പം എന്ന് പറയുമ്പോൾ, എല്ലാ വായനക്കാർക്കും എളുപ്പം മനസിലാകണമെന്നില്ല. വിലക്കയറ്റം എന്ന് പറയുമ്പോഴാണ് കാര്യം ശരിക്ക് പിടികിട്ടുക. ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട കാര്യം, ദേശീയ തലത്തിലുള്ള വിലക്കയറ്റ നിരക്കിനേക്കാൾ 1%ത്തിലധികം കുറവാണ് കേരളത്തിലെ വിലക്കയറ്റ നിരക്ക് എന്നതാണ്. ഉപഭോക്തൃ സംസ്ഥാനമായിട്ടും ഇപ്പോൾ ഉത്സവകാലമായിട്ടും ദേശീയതലത്തിലെ വിലക്കയറ്റ നിരക്കിനേക്കാൾ കേരളത്തിൽ കുറഞ്ഞിരിക്കുന്നു എന്നത് നിസാരമായ കാര്യമല്ല. സംസ്ഥാന സർക്കാർ വിപണിയിൽ നടത്തിയിട്ടുള്ള ശക്തമായ ഇടപെടൽ കൊണ്ടാണ് ഇങ്ങനെ പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടുള്ളത്.
ഇന്ത്യയിലെ ഇന്നത്തെ എല്ലാ പത്രങ്ങളുടെയും പ്രധാന വാർത്തയായിട്ടുള്ള വിലക്കയറ്റം, മലയാള മനോരമയ്ക്ക് ബിസിനസ് പേജിലെ മാത്രം വാർത്തയാണ്. കാരണം അത് ഒന്നാം പേജിൽ കൊടുത്താൽ കേന്ദ്രസർക്കാരിന് ക്ഷീണവും കേരളത്തിന് ഗുണവുമാണ്. അവിടെ തീരുന്നില്ല മനോരമയുടെ ഇടതുവിരുദ്ധ കൗശലം. ബിസിനസ് പേജിൽ ഒളിപ്പിച്ച വാർത്തയുടെ തന്നെ തലക്കെട്ട് ‘7.44%, പിടിവിട്ട് വീണ്ടും വിലക്കയറ്റം’ എന്നാണ്. തലക്കെട്ട് മാത്രം വായിച്ചാൽ കേരളത്തിലെ കാര്യമാണെന്ന് ആളുകൾക്ക് തോന്നണം. ഇനി ആണ് മനോരമയുടെ തനി കുത്സിത രീതി കാണുന്നത്. വാർത്തയുടെ അവസാന പാരഗ്രാഫിൽ ഉപശീർഷകം ‘കേരളത്തിൽ 1.18% വർദ്ധന’ എന്നാണ്! അതിൽ പറയുന്നു കേരളത്തിലെ വിലക്കയറ്റ തോത് 6.43%മായി ഉയർന്നു എന്ന്. യഥാർത്ഥത്തിൽ ദേശീയ ശരാശരിയേക്കാൾ 1% കുറവാണ് എന്ന വസ്തുതയെ എങ്ങനെയാണ് മനോരമ വക്രീകരിച്ച് അവതരിപ്പിച്ചിരിക്കുന്നത് എന്ന് നോക്കുക.
എത്ര സൂക്ഷ്മമായാണ് ഈ പത്രങ്ങളെല്ലാം തങ്ങളുടെ രാഷ്ട്രീയം വാർത്തയിൽ വിന്യസിക്കുന്നത് എന്നതിന് ഒന്നാന്തരം തെളിവാണ് ഇവയെല്ലാം. അതുകൊണ്ട് പത്രവായന തലക്കെട്ടിൽ മാത്രം ഒതുക്കരുത്. ഉള്ളടക്കത്തിൽ എഴുതിവെച്ച വരികൾ മാത്രമല്ല, വരികൾക്കിടയിലും വായിക്കാൻ ശീലിക്കണം. അങ്ങേയറ്റത്തെ വിമർശനബുദ്ധിയോടെ വായിക്കാൻ ശീലിക്കുകയും വാർത്തകളെ വിമർശന വിധേയമാക്കുകയും ചെയ്യുക എന്നത് ഇന്ന് ഇടതുപക്ഷത്തിന്റെ പ്രധാന രാഷ്ട്രീയ ചുമതലകളിൽ ഒന്നാകുന്നു.