കണ്ണൂര്‍ > ഇതുവരെ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമ പ്രവര്‍ത്തകരെന്നും അവര്‍ക്ക് മനസാക്ഷി അനുസരിച്ച് പ്രവര്‍ത്തിക്കാനാകുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്. മാധ്യമ ഉടമകളുടെ താല്പര്യം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് മാധ്യമ പ്രവര്‍ത്തകര്‍. അന്തിച്ചര്‍ച്ചയുടെ സ്ഥാനം ചവറ്റു കൊട്ടയിലാണെന്ന് 2021 ലെ തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ആനുകാലിക രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം
2016 മുതല്‍ 2021 വരെയുള്ള എല്‍ഡിഎഫ് സര്‍ക്കാരിനെ എങ്ങനെയാണ് ഉടമകളുടെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങള്‍ വേട്ടയാടിയത് എന്ന് നമ്മള് കണ്ടതാണ്. 2016 മുതല്‍ 2021 വരെയുള്ള അന്തിച്ചര്‍ച്ചകള്‍ കേട്ട്, അത് വിശ്വസിച്ച് മലയാളികള്‍ പോളിംഗ് ബൂത്തില്‍ പോയിരുന്നെങ്കില്‍ എല്‍ഡിഎഫിന് 140 മണ്ഡലങ്ങളിലെ മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും കെട്ടിവച്ച പണം ലഭിക്കില്ലായിരുന്നു. അതിനാല്‍ 2021 ലെ തെരഞ്ഞെടുപ്പ് ഫലം, രാഷ്ട്രീയ താല്പര്യം സംരക്ഷിക്കുന്ന ചില മാധ്യമ ഉടമകള്‍ക്കേറ്റ കനത്ത പ്രഹരം തന്നെയാണ്.
ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമ ഉടമകളുടെ രാഷ്ട്രീയ താല്‍പ്പര്യമാണ്. വിവാദ വാര്‍ത്തകള്‍ക്കൊപ്പം ഇപ്പോള്‍ കൊടുക്കുന്നത് തന്റെ ചിരിച്ചുകൊണ്ടുള്ള ചിത്രമാണ്. ഫോട്ടോഗ്രാഫറെ അയച്ചാല്‍ പേടിച്ച മുഖമുള്ള ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യാമെന്നും അദ്ദേഹം പരിഹസിച്ചു.
സ്വാതന്ത്ര ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചതിലും മന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രി മണിപ്പൂര്‍ സംഭവം ആദ്യമായി കേട്ടത് പോലെയാണ് പ്രസംഗിക്കുന്നത് . ഇന്ന് ജനിച്ച കുട്ടിയെ പോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ലൈബ്രറികളില്‍ സംഘപരിവാര്‍ ആശയം വായിക്കാന്‍ നിര്‍ബന്ധിതമാകുന്ന നിലയിലേക്കുള്ള തീരുമാനങ്ങള്‍ വരികയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ ഏറ്റവും ഗൗരവതരമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണതെന്നും മന്ത്രി വ്യക്തമാക്കി.