തിരുവനന്തപുരം
രാജ്യത്ത് രൂക്ഷമായ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ സിപിഐ എം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രസർക്കാർ വിപണി ഇടപെടലിൽനിന്ന് പൂർണമായും പിൻവാങ്ങി. പൊതുവിതരണ സംവിധാനം പ്രഹസനമായി. വിപണി ഇടപെടലിനുൾപ്പെടെ കേന്ദ്രം പണം നൽകാതിരുന്നിട്ടും ആഭ്യന്തരമേഖലയിലെ ഇടപെടൽകൊണ്ട് കേരളത്തിന് വിലക്കയറ്റം പിടിച്ചുനിർത്താനായി. പ്രതിസന്ധികൾക്കിടയിലും 60 ലക്ഷത്തോളം ആളുകൾക്ക് ക്ഷേമപെൻഷൻ നൽകിത്തുടങ്ങി. ഓണവിപണിയിൽ യഥേഷ്ടം സാധനങ്ങൾ എത്തിച്ച് 30 ശതമാനം വിലക്കുറവിൽ ലഭ്യമാക്കും. 13 ഇനത്തിന് ഏഴു വർഷത്തിലധികമായി വില കൂട്ടിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽകൊണ്ട് നികുതിവരുമാനം 40,000 കോടിയിൽനിന്ന് 70,000 കോടിയിലേക്ക് വർധിപ്പിക്കാനായി.
ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് അനുദിനം കൂടുകയാണ്. കേന്ദ്ര സ്ഥാപനങ്ങളിൽ 10 ലക്ഷത്തോളം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. 28 ലക്ഷത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് സർവേ റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 12.9ൽനിന്ന് ഏഴു ശതമാനമാക്കാനായി. ഒഴിവുകൾ കൃത്യമായി പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരുമായും പിണക്കമില്ല,
നയമാണ് പ്രശ്നം
പുതുപ്പള്ളിയിൽ ഫലപ്രദമായ രാഷ്ട്രീയ പോരാട്ടം സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. എൻഎസ്എസ്, എസ്എൻഡിപി ഉൾപ്പെടെ ആരുമായും പിണക്കമില്ല. നയമാണ് പ്രശ്നം. ആരെയും ശത്രുപക്ഷത്ത് നിർത്തുന്ന നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല. സംഘടനകൾ സ്വീകരിക്കുന്ന നിലപാടുകളിൽ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. പുതുപ്പള്ളിയിൽ എൻഎസ്എസ് സ്വീകരിക്കുന്നത് സമദൂര നിലപാട് ആണെങ്കിൽ അത്രയും നല്ലത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാവരെയും കാണാനും വോട്ട് അഭ്യർഥിക്കാനും ജനാധിപത്യപരമായ അവകാശമുണ്ട്. എല്ലാ സംഘടനാ നേതാക്കളെയും കാണും. ഒരു വോട്ടറെയും ഒഴിവാക്കില്ലെന്നും അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടി നൽകി.