കൊച്ചി
ഓണത്തിന് പായസവും മധുരപലഹാരങ്ങളും വാങ്ങാനുള്ള പണം ലഭിച്ച ആഹ്ലാദത്തിലാണ് തൊണ്ണൂറ്റിമൂന്നുകാരി സ്റ്റെല്ല. തമ്മനം മെയ് ഫസ്റ്റ് റോഡ് എ കെ ജി നഗർ കലൂർവീട്ടിൽ കെ എം സ്റ്റെല്ലയെ പ്രമേഹം ഈ പ്രായത്തിലും കാര്യമായി അലട്ടിയിട്ടില്ല. ഇടയ്ക്കുണ്ടാകുന്ന ചുമയ്ക്കും കാഴ്ചപ്രശ്നങ്ങൾക്കും മറ്റ് വാർധക്യസഹജ അസുഖങ്ങൾക്കും മരുന്ന് വാങ്ങണം. ഇക്കാര്യങ്ങൾക്കെ
ല്ലാമായി സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ ലഭിച്ചതിന്റെ സന്തോഷത്തിലാണ് സ്റ്റെല്ല.
തമ്മനം സഹകരണ ബാങ്കിൽനിന്ന് 3200 രൂപ തിങ്കൾ ഉച്ചയോടെ സ്റ്റെല്ലയുടെ കൈകളിലെത്തി. തന്നെപ്പോലെ ഒരുപാട് അമ്മമാർക്ക് ഈ പണം ഏറെ ഉപകരിക്കുമെന്ന് നിറകണ്ണുകളോടെ പണം ഏറ്റുവാങ്ങി സ്റ്റെല്ല. ഒരു കണ്ണിന്റെ കാഴ്ചയ്ക്ക് പ്രശ്നമുള്ള സ്റ്റെല്ല, നല്ലൊരു സംഗീതാസ്വാദകയുമാണ്. ചാനലിലെ റിയാലിറ്റി ഷോകളിൽ കുട്ടികളുടെ പാട്ട് കേൾക്കാനാണ് ഏറെ ഇഷ്ടം. വീടിനുള്ളിൽമാത്രം നടത്തം. ഇടയ്ക്ക് വീണ് നടുവിന് പരിക്കേറ്റിരുന്നു.
പള്ളിനട ഡെന്റൽ ക്ലിനിക്കിലെ ശുചീകരണത്തൊഴിലാളിയായിരുന്നു മുമ്പ്. നാലു മക്കളുണ്ട്. മൂന്ന് പെണ്ണും ഒരാണും. പെൺമക്കളായ ബേബിക്കും ലീലയ്ക്കുമൊപ്പമാണ് താമസം. ബേബി തമ്മനം ഡെന്റൽ ക്ലിനിക്കിൽ ശുചീകരണത്തൊഴിലാളിയാണ്. ബേബിയുടെ മകൾ ടിന്റുവാണ് സ്റ്റെല്ലയുടെ കാര്യങ്ങൾ നോക്കുന്നത്. സ്റ്റെല്ലയുടെ ഭർത്താവ് മാർക്കോസ് കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. കിടപ്പുരോഗിയായി 2010ൽ മരിച്ചു. മഴ പെയ്താൽ വെള്ളം കയറുന്ന വീട്ടിലാണ് ഇവരുടെ താമസം. വീട് പുതുക്കിപ്പണിയാൻ ലൈഫ് ഭവനപദ്ധതിയിൽ അപേക്ഷിച്ചിരിക്കുകയാണ് കുടുംബം.