കൊച്ചി> കാഴ്ചപരിമിതിയുള്ള അധ്യാപകനെ ക്ലാസ് എടുത്തുകൊണ്ടിരിക്കെ അപമാനിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കെഎസ്യു നേതാവിന് സസ്പെൻഷൻ. മഹാരാജാസ് കോളേജിലെ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് സി എ മുഹമ്മദ് ഫാസിലിനെയാണ് സസ്പെൻഡ് ചെയ്തത്. പൊളിറ്റിക്കൽ സയൻസ് മൂന്നാംവർഷ ബിരുദവിദ്യാർഥിയാണ്. ഇയാൾക്കൊപ്പം അഞ്ച് വിദ്യാർഥികളെക്കൂടി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി യു പ്രിയേഷ് ക്ലാസെടുക്കുന്നതിനിടെയാണ് സംഭവം. കാഴ്ച പരിമിതിയുള്ളയാളാണ് ഇദ്ദേഹം. ക്ലാസെടുക്കുന്നതിനിടെ മുഹമ്മദ് ഫാസിൽ അനുവാദമില്ലാതെ പ്രവേശിച്ച് അധ്യാപകന് പിറകിലായി നിന്നു. അദ്ദേഹത്തെ കളിയാക്കുന്ന പെരുമാറ്റവുമുണ്ടായി. ചില വിദ്യാർഥികൾ ക്ലാസ് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഇരുന്ന് മൊബൈൽ ഉപയോഗിച്ചു. ഇതെല്ലാം മറ്റൊരു വിദ്യാർഥി ചിത്രീകരിച്ചു. പിന്നീട് ദൃശ്യം ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. വിഷയം അറിഞ്ഞ ഉടൻ പ്രിയേഷ് പ്രിൻസിപ്പലിന് പരാതി നൽകി. ഡിപ്പാർട്ട്മെന്റ് കൗൺസിലിലും പരാതി സമർപ്പിച്ചു. തുടർന്നാണ് മുഹമ്മദ് ഫാസിലിനെ സസ്പെൻഡ് ചെയ്തത്. വി രാഗേഷ്, എൻ ആർ പ്രിയത, എം ആദിത്യ, നന്ദന സാഗർ, ഫാത്തിമ നഫ്ലം എന്നിവരെയും സസ്പെൻഡ് ചെയ്തു. രാഗേഷാണ് ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തത്.
ഏറ്റവും നല്ല ഭിന്നശേഷി ഉദ്യോഗസ്ഥനുള്ള സംസ്ഥാന സാമൂഹ്യനീതിവകുപ്പിന്റെ പുരസ്കാരം 2016ൽ പ്രിയേഷ് നേടിയിരുന്നു. 13 വർഷമായി പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകനാണ്. അടുത്തിടെ മഹാരാജാസ് കോളേജ് ഓഫീസിൽ അതിക്രമിച്ചുകയറി വിദ്യാർഥികളുടെ വിവരങ്ങൾ കൈവശപ്പെടുത്തിയതിന് മുഹമ്മദ് ഫാസിലിനെ സസ്പെൻഡ് ചെയ്തിരുന്നു.















