ഫ്ലോറിഡ
ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര വെസ്റ്റിൻഡീസ് സ്വന്തമാക്കി. അവസാന മത്സരത്തിൽ രണ്ട് ഓവർ ബാക്കിയിരിക്കെ വിൻഡീസ് എട്ട് വിക്കറ്റിന് ജയിച്ചു. ഇതോടെ പരമ്പര 3–-2ന് സ്വന്തമായി. ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ നേട്ടം. ടെസ്റ്റ്, ഏകദിന പരമ്പരകൾ ഇന്ത്യക്കായിരുന്നു. കുറച്ചുകാലമായി മോശം പ്രകടനത്തെത്തുടർന്ന് ലോകക്രിക്കറ്റിൽ അപ്രസക്തരായ കരീബിയൻ പടയ്ക്ക് തിരിച്ചുവരവിനുള്ള ഊർജമാകും ഈ വിജയം.
സ്കോർ: ഇന്ത്യ 9–-165, വിൻഡീസ് 2–-171 (18)
ഇന്ത്യ ഉയർത്തിയ 166 റൺ വിജയലക്ഷ്യം വിൻഡീസ് ബാറ്റർമാർ അനായാസം പിന്തുടർന്നു. എട്ട് ബൗളർമാർ പന്തെറിഞ്ഞിട്ടും വിജയം തടയാനായില്ല. മഴമൂലം അൽപ്പം വൈകിയെന്നുമാത്രം. ഓപ്പണർ ബ്രൻഡൻ കിങും വിക്കറ്റ്കീപ്പർ നിക്കൊളാസ് പുരാനും രണ്ടാംവിക്കറ്റിൽ അടിച്ച 107 റൺ അടിത്തറയായി. ബ്രൻഡൻ കിങ് 55 പന്തിൽ 85 റണ്ണുമായി പുറത്താകാതെനിന്നു. ഷായ് ഹോപായിരുന്നു (22) കൂട്ട്. 35 പന്തിൽ 47 റണ്ണെടുത്ത പുരാനെ ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് തിലക് വർമ കന്നി വിക്കറ്റ് സ്വന്തമാക്കി. ഓപ്പണർ കെയ്ൽ മയേഴ്സാണ് (10) ആദ്യം പുറത്തായത്. ആദ്യ രണ്ട് മത്സരവും വിൻഡീസ് ജയിച്ചിരുന്നു. അടുത്ത രണ്ടും ജയിച്ച് ഇന്ത്യ പരമ്പര സമനിലയിലാക്കി (2–-2). ഇതോടെയാണ് അഞ്ചാമത്തെ മത്സരം നിർണായകമായത്. ഇന്ത്യക്കെതിരെ അഞ്ചുമത്സര പരമ്പര വിൻഡീസ് നേടുന്നത് ആദ്യമായാണ്.
ടോസ് നേടി ആദ്യം ബാറ്റെടുത്ത ഇന്ത്യക്ക് സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറിയാണ് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. നേടിയത് 45 പന്തിൽ 61 റൺ. നാല് ഫോറും മൂന്ന് സിക്സറും നിറംപകർന്ന ഇന്നിങ്സ്. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും (5) ശുഭ്മാൻ ഗില്ലും (9) വേഗം മടങ്ങി. രണ്ട് വിക്കറ്റും സ്പിന്നർ അകീൽ ഹുസൈനാണ്. തിലക് വർമ പേസർ അൽസാരി ജോസഫിനെ മൂന്ന് ഫോറും ഒരു സിക്സറുമടിച്ചാണ് വരവേറ്റത്. എന്നാൽ, നിലയുറപ്പിച്ചെന്ന് കരുതവെ അപ്രതീക്ഷിതമായി പുറത്തായി. റോസ്റ്റൺ ചേസ് സ്വന്തം ബൗളിങ്ങിൽ പറന്നുപിടിക്കുകയായിരുന്നു. 18 പന്തിൽ 27 റണ്ണടിച്ചു. അഞ്ച് കളിയിൽ 173 റണ്ണാണ് ഇരുപതുകാരൻ നേടിയത്.
കിട്ടിയ അവസരം വിനിയോഗിക്കുന്നതിൽ സഞ്ജു സാംസൺ ഒരിക്കൽക്കൂടി പരാജയപ്പെട്ടു. രണ്ട് ഫോറടിച്ച സഞ്ജു റൊമാരിയോ ഷെഫേർഡിന്റെ നിരുപദ്രവമെന്ന് കരുതിയ പന്തിന് ബാറ്റ് വച്ച് വിക്കറ്റ്കീപ്പർ നിക്കൊളാസ് പുരാന്റെ കൈകളിലൊതുങ്ങി. ഒമ്പത് പന്തിൽ നേടിയത് 13 റൺ. കളിച്ച രണ്ട് മത്സരങ്ങളിൽ 13, 7 എന്നിങ്ങനെയാണ് മലയാളി ബാറ്ററുടെ സ്കോർ.
സൂര്യകുമാർ യാദവ് ഒരറ്റത്ത് സ്കോർ ഉയർത്തി. സ്കോർ 28ൽ നിൽക്കെ കിട്ടിയ അവസരം വിൻഡീസ് ക്യാപ്റ്റൻ റോവ്മാൻ പവൽ നഷ്ടപ്പെടുത്തി. ഷെഫേർഡിന്റെ പന്ത് ഉയർത്തിയടിച്ച സൂര്യകുമാറിനെ പിടികൂടാൻ പവലിനായില്ല. അവസാന അഞ്ച് ഓവറിൽ ഇന്ത്യ നേടിയത് 53 റൺ. അൽസാരി ജോസഫിനെ സിക്സർ പറത്തിയ സൂര്യകുമാർ പരമ്പരയിലെ രണ്ടാം അർധ സെഞ്ചുറി കണ്ടെത്തി. 38 പന്തിലാണ് ഈ നേട്ടം. സൂര്യകുമാറും ഹാർദിക് പാണ്ഡ്യയും (14) അഞ്ചാംവിക്കറ്റിൽ 43 റണ്ണടിച്ചു. സൂര്യകുമാർ ജാസൺ ഹോൾഡറുടെ പന്തിൽ വിക്കറ്റിനുമുന്നിൽ കുടുങ്ങി. വിൻഡീസ് പേസർ ഷെഫേർഡിന് നാല് വിക്കറ്റുണ്ട്.















