കൊൽക്കത്ത
ഡ്യുറന്റ് കപ്പ് ഫുട്ബോളിലെ കേരള പോരിൽ ഗോകുലം കേരളയ്ക്ക് ജയം. കേരള ബ്ലാസ്റ്റേഴ്സിനെ 4–-3ന് തോൽപ്പിച്ചു. കാമറൂൺ പ്രതിരോധക്കാരൻ അമിനോ ബൂബയുടെ ഹെഡ്ഡറിലൂടെ മുന്നിലെത്തിയ ഗോകുലത്തിനായി മലയാളി താരങ്ങളായ വി എസ് ശ്രീക്കുട്ടനും കെ അഭിജിത്തും ലക്ഷ്യം കണ്ടു. മറ്റൊന്ന് ബ്ലാസ്റ്റേഴ്സ് താരം നവോച്ച സിങ്ങിന്റെ പിഴവ് ഗോളാണ്.
ഐഎസ്എൽ ക്ലബ്ബായ ബ്ലാസ്റ്റേഴ്സിനായി നൈജീരിയക്കാരൻ ജസ്റ്റിൻ ഇമ്മാനുവൽ, പ്രബീർ ദാസ്, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ എന്നിവരാണ് ഗോൾ നേടിയത്. ഗ്രൂപ്പ് സിയിൽ രണ്ട് കളിയും ജയിച്ച് ആറ് പോയിന്റുമായി ഒന്നാമതുള്ള ഗോകുലം ക്വാർട്ടർ സാധ്യത സജീവമാക്കി. ബ്ലാസ്റ്റേഴ്സ് മൂന്നാംസ്ഥാനത്താണ്. ഇരുടീമുകളും ഏതെങ്കിലുമൊരു അഖിലേന്ത്യാ ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത് ആദ്യമായാണ്. ബംഗളൂരു എഫ്സിയും ഇന്ത്യൻ എയർഫോഴ്സുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
ഗോകുലത്തിനെതിരെ പ്രതിരോധപ്പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. സംഘടിതമായിരുന്നില്ല കളത്തിലെ നീക്കങ്ങൾ. ഗോളി സച്ചിൻ സുരേഷും നിരാശപ്പെടുത്തി. പ്രധാന കളിക്കാരെല്ലാം കളത്തിൽ എത്തിയിട്ടും കാര്യമുണ്ടായില്ല. ആദ്യപകുതിയിൽ 3–-1ന് മുന്നിലായിരുന്നു ഗോകുലം. 22ന് ബംഗളൂരു എഫ്സിയുമായാണ് ഗോകുലത്തിന്റെ അടുത്ത കളി. ബ്ലാസ്റ്റേഴ്സ് 18ന് ബംഗളൂരുവിനെ നേരിടും. മറ്റൊരു മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്സി ഡൗൺടൗൺ ഹീറോസിനെ 2–1ന് തോൽപ്പിച്ചു.















