തിരുവനന്തപുരം
വൈജ്ഞാനിക സമൂഹ നിർമിതിക്കാണ് സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സർവകലാശാലകളോട് ചേർന്ന് വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നത് ഇതിന്റെ മുന്നോടിയായാണെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഫ്രീഡം ഫെസ്റ്റിന്റെ മൂന്നാംദിനത്തിൽ ടാഗോർ തിയറ്ററിൽ കേരള പ്രൊഫഷണൽ നെറ്റ്വർക്ക് സംഘടിപ്പിച്ച പ്രൊഫഷണൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അതിവേഗത്തിൽ കുതിക്കുന്ന സാങ്കേതികവിദ്യയെ മാനവിക സമൂഹത്തിന് പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. കെ ഫോണിലൂടെ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നതും രാജ്യത്ത് ആദ്യമായി ജീനോം ഡാറ്റാ സെന്റർ സ്ഥാപിച്ചതും ഇതിന്റെ ഭാഗമായാണ്. സർവകലാശാലകളുടെ ഭൂമിയിൽ ആരംഭിക്കുന്ന വ്യവസായ പാർക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ ഇൻസെന്റീവ് നൽകും. വിദ്യാർഥികൾക്ക് പഠനം കഴിഞ്ഞാൽ പാർക്കിൽ ജോലി ചെയ്യാം. പഠനവിഷയവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് ഗ്രേസ് മാർക്ക് നൽകുന്നതും പരിഗണിക്കും. വൈജ്ഞാനിക സമൂഹ നിർമിതിയിൽ സംഘടിതമായ സംഭാവനകൾ പ്രൊഫഷണലുകൾക്ക് നൽകാനാകും. പ്രൊഫഷണലുകൾ സാമൂഹിക പ്രതിബദ്ധത, മാനവികത, ശാസ്ത്രബോധം എന്നിവ ശക്തിപ്പെടുത്തണമെന്നും ഇന്നത്തെ സാഹചര്യത്തിൽ ഇത് വളരെ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കേരള പ്രൊഫഷണൽ നെറ്റ്വർക്ക് പ്രസിഡന്റ് ജി ശങ്കർ അധ്യക്ഷനായി. ഡോ. ടി എം തോമസ് ഐസക്, പി ജി പ്രദീപ്കുമാർ, ഡോ. എസ് എസ് റോയി എന്നിവർ സംസാരിച്ചു.















