കൊച്ചി
പനിബാധിച്ചെത്തിയ ഏഴുവയസ്സുകാരിക്ക് അങ്കമാലി താലൂക്കാശുപത്രിയിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകിയ സംഭവത്തിൽ നഴ്സിന് വീഴ്ചപറ്റിയെന്ന് റിപ്പോർട്ട്. കുട്ടിയെ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും കാണിച്ച് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി. ഇത് ആരോഗ്യ ഡയറക്ടർക്ക് കൈമാറി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു.എന്നാൽ, നഴ്സിനെതിരെ പരാതിയില്ലെന്നും അവർക്കെതിരെ നടപടിയെടുക്കുന്നതിൽ താൽപ്പര്യമില്ലെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. നഴ്സിന് വീഴ്ചയുണ്ടായി എന്നത് വസ്തുതയാണ്. ഇനി ആവർത്തിക്കാൻ പാടില്ലെന്നും അവർ പറഞ്ഞു.
കോതകുളങ്ങര സ്വദേശിയായ കുട്ടിക്ക് പനിബാധിച്ചതോടെ ബുധനാഴ്ച താലൂക്കാശുപത്രിയിലെ ഒപിയിൽ ഡോക്ടറെ കാണിച്ചിരുന്നു. കുറയാതിരുന്നതോടെ വെള്ളി രാവിലെ ഏഴരയോടെ വീണ്ടും ഡോക്ടറെ കണ്ടപ്പോൾ രക്തപരിശോധന നിർദേശിച്ചു. ഇതിനായി കുട്ടിയുടെ അമ്മ നഴ്സിങ് റൂമിലെത്തി കുറിപ്പ് നൽകി. കുട്ടിയോട് കുത്തിവയ്പുറൂമിലേക്ക് വരാനും അമ്മയോട് ഒപിയിൽ പോയി ചീട്ടെടുത്തുവരാനും നഴ്സ് പറഞ്ഞു. അമ്മ ഒപി കൗണ്ടറിൽ പോയിവന്നപ്പോഴേക്കും കുട്ടിക്ക് കുത്തിവയ്പ് നൽകി. രക്തപരിശോധനയ്ക്കാണ് വന്നതെന്നും കുത്തിവയ്പ് എടുത്തത് എന്തിനെന്നും അമ്മ ചോദിച്ചിരുന്നു.
പൂച്ച കടിച്ചതിനെ തുടർന്ന് മറ്റൊരുകുട്ടി ഈ സമയം ആശുപത്രിയിൽ എത്തിയിരുന്നുവെന്നും രണ്ടു കുട്ടികളെയും തമ്മിൽ മാറിപ്പോയതാണെന്നും നഴ്സ് പറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. എൻഎച്ച്എം മുഖേന ഒരുവർഷംമുമ്പ് താൽക്കാലിക നിയമനം ലഭിച്ച നഴ്സാണ് കുത്തിവയ്പെടുത്തത്.
നഴ്സിനെതിരെ
നടപടി
അങ്കമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിക്ക് മരുന്നുമാറി കുത്തിവച്ചെന്ന പരാതിയിൽ താൽക്കാലിക നഴ്സിനെ ആശുപത്രിയിൽനിന്ന് ഒഴിവാക്കും. സംഭവം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു.















