കോട്ടയം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസന ചർച്ചയോട് മുഖംതിരിച്ച് യുഡിഎഫ്. വികസന കാര്യങ്ങളിലൂന്നിയാകും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനംവന്ന ദിവസംതന്നെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രി വി എൻ വാസവനും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സ്ഥാനാർഥി തീരുമാനംവന്ന് മാധ്യമപ്രവർത്തരെ കണ്ട ജെയ്ക് സി തോമസും 182 ബൂത്തിൽ എവിടെയും യുഡിഎഫ് നിശ്ചയിക്കുന്ന സമയത്ത് വികസന ചർച്ചയാകാമെന്ന് പറഞ്ഞു.
എന്നാൽ, ഈ വഴിയിൽനിന്ന് ഒളിച്ചോടുന്നതാണ് യുഡിഎഫ് സമീപനം. വൈകാരികതകളിലൂന്നി മാത്രം പ്രചാരണം മുന്നോട്ടുപോയാൽ മതിയെന്നാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞദിവസം കോട്ടയത്തെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഈ സന്ദേശമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റികൾക്ക് നൽകിയത്. എൽഡിഎഫ് ഉന്നയിച്ച്, വലിയ മാധ്യമശ്രദ്ധയിലേക്ക് വരുന്ന കാര്യങ്ങൾക്ക് മാത്രം മറുപടി പറഞ്ഞാൽ മതിയെന്നും ഡിസിസി ഓഫീസിൽ ചേർന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് സമിതി ധാരണയിലെത്തി. വൈകാരികത ആളിക്കത്തിച്ച് മുതലാക്കാനാണ് പ്രാദേശിക പ്രവർത്തക യോഗങ്ങളിൽ ഡിസിസി പ്രസിഡന്റും മറ്റ് ഭാരവാഹികളും നൽകുന്ന നിർദേശം.
യുഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിച്ച് ഒരാഴ്ച ആകുമ്പോഴും കാര്യമായ പ്രചാരണ മുന്നേറ്റങ്ങളിലേക്ക് യുഡിഎഫിന് എത്താനായിട്ടില്ല. ജെയ്ക് സി തോമസാകട്ടെ ഒറ്റദിവസംകൊണ്ട് റോഡ് ഷോ അടക്കമുള്ള പ്രചാരണവുമായി വൻകുതിപ്പ് നടത്തി. ഞായറാഴ്ച പൗരപ്രമുഖരെയും മറ്റും സന്ദർശിച്ചു. മണ്ഡലത്തിൽ വീടുകൾ കയറിയിറങ്ങി വോട്ടർമാരെ നേരിൽകണ്ടു.
എൽഡിഎഫ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി തിങ്കളാഴ്ച മണ്ഡലത്തിലെത്തും. വൈകിട്ട് നാലിന് പാമ്പാടിയിൽ തുറക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. 16ന് പത്രിക നൽകും. വൈകിട്ട് നാലിന് മണർകാട് ചേരുന്ന അസംബ്ലി മണ്ഡലം കൺവൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 24ന് പൊതുപര്യടനം തുടങ്ങും.















