തിരുവനന്തപുരം > വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യം വച്ച് സംസ്ഥാനത്ത് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ തുടങ്ങുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഫ്രീഡം ഫെസ്റ്റ് 2023ന്റെ ഭാഗമായി കേരള പ്രൊഫഷണൽ നെറ്റ്വർക്ക് സംഘടിപ്പിച്ച പ്രൊഫഷണൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളജുകളോടും സർവകലാശാലകളോടും ചേർന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അവിടുത്തെ അടിസ്ഥാന വികസനത്തിനുള്ള ഇൻസെന്റീവ് സർക്കാർ നൽകി അധ്യാപകരുടെയോ വിദ്യാർഥികളുടെയോ ഗവേഷണഫലങ്ങളുടെ ഉല്പാദനത്തിന് ഈ പാർക്കിൽ മുൻഗണന നൽകണം. മറ്റ് വ്യവസായങ്ങൾക്കും അവസരം നൽകും. പഠനം കഴിഞ്ഞാൽ വിദ്യാർഥികൾക്ക് ഇവിടെ ജോലി ചെയ്യാനും കഴിയും. പഠനവിഷയവുമായി ബന്ധപ്പെട്ട തൊഴിലാണ് ചെയ്യുന്നതെങ്കിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കോ ക്രെഡിറ്റോ നൽകാൻ കഴിയുമോയെന്ന് പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരു വിജ്ഞാന അധിഷ്ഠിത സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇവ രണ്ടിലും ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കാൻ കഴിയുന്ന സാമൂഹിക വിഭാഗമാണ് പ്രൊഫഷണലുകൾ. വിജ്ഞാന സമൂഹ നിർമ്മിതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നത് പോലെതന്നെ അതിനകത്ത് സംഘടിത സംഭാവനകൾ നൽകാൻ കഴിയുന്ന വിഭാഗമാണ് ഇവരെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈജ്ഞാനിക സമൂഹ നിർമ്മിതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോൾ കേരള സർക്കാർ നിരവധി പ്രവർത്തനങ്ങൾക്കാണ് നേതൃത്വം വഹിക്കുന്നത്. ലോകത്ത് തന്നെ ആദ്യമായി ഇന്റർനെറ്റ് അടിസ്ഥാന അവകാശമായി കേരളം പ്രഖ്യാപിച്ചു. ഇന്ത്യയിൽ ആദ്യമായി ജീനോം ഡാറ്റാ സെന്ററിന് തുടക്കംകുറിച്ചതും കേരളമാണ്. വളരെ വൈദഗ്ധ്യമുള്ളവരാണ് അതിന് നേതൃത്വം നൽകുന്നത്- മന്ത്രി പറഞ്ഞു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്, ആർകിടക്ട് ജി ശങ്കർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.