തിരുവനന്തപുരം > സാങ്കേതിക വിദ്യയുടെ അതിനൂതന്മായ ആശയങ്ങൾ ചർച്ച ചെയ്യാനും പരിചയപ്പെടാനും സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് 2023ന്റെ വേദിയിൽ ശ്രദ്ധേയമായി വിക്കി സംഗമോത്സവം. മലയാളം വിക്കിപീഡിയ സമൂഹവും വിക്കിമീഡിയൻസ് ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ കൈറ്റ് സിഇഒ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.
സ്വതന്ത്രവും സൗജന്യവുമായ വിജ്ഞാന കോശം എന്നറിയപ്പെടുന്ന മൂന്നുറിലധികം ഭാഷകളിൽ ലഭിക്കുന്ന വിക്കിപീഡിയയുടെ മലയാളത്തിലുള്ള സാധ്യതകൾ വ്യക്തമാക്കുന്നതായിരുന്നു ചർച്ച. വിക്കിസംരംഭങ്ങൾ, വിക്കിമീഡിയ മൂവ്മെന്റ് സ്ട്രാറ്റജി- വെല്ലുവിളികൾ, ഭാവി, വിക്കിഡാറ്റ വിക്കിഫങ്ഷൻസ്, ലെക്സീംസ് & വിക്ഷണറി, വിക്കിമീഡിയ കോമൺസ്, വിക്കിഗ്രന്ഥശാല, സ്കൂൾ വിക്കി എന്നി വിഷയങ്ങളിൽ അഖിൽ കൃഷ്ണൻ, അക്ബർഅലി, വിഷ്ണു മോഹൻ, ഷഗിൽ മുഴപ്പിലങ്ങാട്, ആദിത്യ കെ, വിഷ്ണു മോഹൻ, വിജയൻ രാജപുരം എന്നിവർ സംസാരിച്ചു.
മലയാളം വാക്കുകളുടെ അർഥം ലഭിക്കുന്ന വിക്കിപീഡിയ നിഘണ്ടു, ചൊല്ലുകൾ, ഗ്രന്ഥശാല, പാഠശാല, കോമൺസ് എന്നിവയുൾപ്പടെ വിക്കി സ്പെഷ്യസ് തുടങ്ങിയ സംരംഭങ്ങളുടെ ഉപയോഗവും ഗുണങ്ങളും ചർച്ചയുടെ ഭാഗമായി. ഓരോ സ്കൂളുകളെയും ഒരു കുടക്കീഴിൽ എത്തിക്കുന്ന സ്കൂൾ വിക്കിപീഡിയയുടെ പ്രവർത്തരീതികൾ വിജയൻ രാജപുരം വിശദീകരിച്ചു. കേരളത്തിലെ ഓരോ വിദ്യാലയങ്ങളെയും സ്ഥലത്തിന്റെയോ സ്കൂൾ കോഡിന്റെ അടിസ്ഥാനത്തിലോ സ്കൂൾവിക്കി വഴി കണ്ടെത്താൻ കഴിയും.
വിദ്യാർഥികളുടെ പ്രവർത്തനങ്ങൾ വിവിധ വിഭാഗങ്ങളിലായി അപ്ലോഡ് ചെയ്യാനും കഴിയും. കൂടാതെ നമ്മളെടുക്കുന്ന ചിത്രങ്ങൾ നഷ്ടമാകാതെ കാലങ്ങളോളം സൂക്ഷിക്കാൻ കഴിയുന്ന സോഫ്റ്റ്വെയർ ആയ വിക്കി കോമൺസിനെയും വേദിയിൽ പരിചയപ്പെടുത്തി. വിക്കിപീഡിയയിൽ ഏറ്റവുമധികം ആർട്ടിക്കിൾ എഴുതിയതിന് വിക്കിമീഡിയ ഫൗണ്ടേഷൻ അംഗീകാരം ലഭിച്ച മലയാളിയായ മീനാക്ഷി നന്ദിനിയെ ആദരിച്ചു. വിക്കിമീഡിയൻസ് ഓഫ് കേരള ഫോട്ടോവാക്കും സംഘടിപ്പിച്ചു.