ചെന്നൈ > മനപൂർവം വായ്പ തിരിച്ചടക്കാത്ത വൻകിട കുത്തകകളെ സഹായിക്കുന്ന നയം തിരുത്തണമെന്നും മുഴുവൻ കിട്ടാക്കടങ്ങളും തിരിച്ച് പിടിക്കണമെന്നും കുത്തകകൾക്ക് എതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും ചെന്നൈയിൽ നടക്കുന്ന ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) യുടെ പതിനൊന്നാം ദേശീയ സമ്മേളനം കേന്ദ്രസർക്കാറിനോടും റിസർവ് ബാങ്കിനോടും ആവശ്യപ്പെട്ടു. പൊതുസമ്പത്തായ ബാങ്കുകളിലെ നിക്ഷേപങ്ങൾ ഇത്തരത്തിൽ കൊള്ളയടിക്കുന്ന കുത്തകകൾക്ക് നേരെയുള്ള പോരാട്ടങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുവാനും സമ്മേളനം തീരുമാനിച്ചു.
വനിതാ സമ്മേളനം
ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പരിശ്രമങ്ങൾ ബിജെപി ഭരണത്തിന് കീഴിൽ നടക്കുകയാണ്. മോദിയുടെ നിയന്ത്രണത്തിലുള്ള കേന്ദ്രസർക്കാർ ജനവിരുദ്ധവും സ്ത്രീവിരുദ്ധവും ആണെന്ന് അനുദിനം തെളിയിക്കപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശ്രീമതി ടീച്ചർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകൾ ഭയാനകമാണ്. സ്ത്രീകൾ ദുരിതത്തിലാണ്. ജനസംഖ്യയിൽ 50 ശതമാനത്തിൽ ഏറെ വരുന്ന അവർക്ക് തുല്യ നീതി ലഭിക്കുന്നില്ല. സർക്കാർ സ്ഥാപനങ്ങൾ ഒഴിച്ചാൽ ബഹുഭൂരിപക്ഷം സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് നാമ മാത്ര വേതനമാണ് ലഭിക്കുന്നത്. കേന്ദ്ര ബജറ്റിൽ പോലും വനിതാ വികസന പദ്ധതികൾക്ക്, പ്രത്യേകിച്ച് തൊഴിലുറപ്പ് പദ്ധതിക്ക് ഉള്ള വിഹിതം വെട്ടിക്കുറയ്ക്കപ്പെടുന്നു. അംഗനവാടി, ആശാ വർക്കര്മാരുടെ കാര്യത്തിലും ഇത് കാണാൻ കഴിയും. മണിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും സ്ത്രീകളും അനുഭവിച്ച ദുരന്തം വിവരണാതീതമാണ്. ഉള്ളവനും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വർധിക്കുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാണ്. ഇതിൽ നിന്നെല്ലാം ശ്രദ്ധ തിരിക്കുവാൻ കൊണ്ട് വരുന്ന ഏകീകൃത സിവിൽ കോഡ് സ്ത്രീകൾക്ക് തുല്യനീതി ഉറപ്പ് വരുത്തുന്ന ഒന്നല്ല.
ബെഫി അഖിലേന്ത്യാ വനിതാ സബ്കമ്മിറ്റി കൺവീനർ രജിതമോൾ കെ കെ റിപ്പോർട്ട് അവതരിപ്പിച്ചു. ബെഫി ജനറൽ സെക്രട്ടറി ദേബാഷിഷ് ബസു ചൗധുരി അഭിവാദ്യം ചെയ്തു. എൻ എൽ പ്രേമലത അധ്യക്ഷത വഹിച്ചു. രേണുക സ്വാഗതവും സംഗീത ചക്രവർത്തി നന്ദിയും പറഞ്ഞു. വിവിധ സംസ്ഥാന വനിതാ സബ് കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഇരുപതിൽ പരം പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
യൂക്കോ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സ്ഥാപക ദിനാചരണം
യൂക്കോ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ എഴുപത്തി എട്ടാമത് സ്ഥാപകദിനം ദേശീയ സമ്മേളന നഗരിയിൽ പതാക ഉയർത്തിയും വൃക്ഷത്തൈ നട്ടും ആചരിച്ചു. സംഘടനയുടെ പ്രസിഡന്റ് പ്രകാശ് റായ് പതാക ഉയർത്തി. സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, ബെഫി പ്രസിഡന്റ് സി ജെ നന്ദകുമാർ, ജനറൽ സെക്രട്ടറി ദേബാഷിഷ് ബസു ചൗധുരി, ജയ്ദേവ് ദാസ് ഗുപ്ത, ദിശങ്കർ ഗുപ്ത്, ബി പ്രസാദ്, സി പി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വനിതാ ബാങ്ക് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഗ്രാമീണ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, റിസർവ് ബാങ്കിന്റെ സ്വയം ഭരണാവകാശം പരിരക്ഷിക്കുക, സഹകരണ മേഖലയ്ക്ക് എതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുക, നബാർഡിനെ സംരക്ഷിക്കുക, ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, പുറംകരാർവത്കരണം അവസാനിപ്പിക്കുക, എൻപിഎസ് നിർത്തലാക്കി എല്ലാവര്ക്കും പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, വിമുക്ത ഭടന്മാരുടെ ശമ്പള നിർണ്ണയത്തിലെ അപാകത പരിഹരിക്കുക, ബിസിനസ് കറസ്പോണ്ടന്റുകളുടെ സേവന വേതന വ്യവസ്ഥകൾ പ്രാബല്യത്തിൽ കൊണ്ടുവരിക വർഗീയതക്കെതിരെ പോരാടുക വർഗീയത പരിപോഷിപ്പിക്കുന്ന നിലപാടുകൾ ഉള്ള പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തുക, ലേബർ ബോർഡുകൾ പിൻവലിക്കുക, പൊതുമേഖല ബാങ്കിലെ അപ്രന്റീസ് നിയമനം നിർത്തലാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
സമാപന ദിവസം സിഐടിയു സെക്രട്ടറി ആർ കരുമാലയൻ ആശിഷ് സെൻ ശതാബ്ദി പ്രഭാഷണം നടത്തും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷം 14 ന് സമ്മേളനം സമാപിക്കും.