തിരുവനന്തപുരം> സംസ്ഥാനത്ത് 17 തദ്ദേശ വാർഡിലേക്ക് വ്യാഴാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ ഏഴിടത്ത് എൽഡിഎഫും ഒമ്പതിടത്ത് യുഡിഎഫും വിജയിച്ചു. ഒരിടത്ത് ബിജെപിക്കാണ് വിജയം. എൽഡിഎഫ് യുഡിഎഫിൽ നിന്ന് മൂന്ന് സീറ്റ് പിടിച്ചു. കഴിഞ്ഞതവണ എൽഡിഎഫ് വിജയിച്ച എറണാകുളം ജില്ലയിലെ രണ്ടുവാർഡിൽ ഇത്തവണ യുഡിഎഫ് വിജയിച്ചു. എറണാകുളം മുക്കന്നൂരിൽ സ്വതന്ത്രൻ ജയിച്ച വാർഡും ഇക്കുറി യുഡിഎഫ് നേടി. അതോടെ ഇരു മുന്നണിക്കും നിലവിലുണ്ടായിരുന്ന എണ്ണം സീറ്റുകൾ ലഭിച്ചു. യുഡിഎഫിന്റെ ഒമ്പതിൽ എട്ടു സീറ്റും മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നാണ്. കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാർഡിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞതവണ എൽഡിഎഫ് സ്ഥാനാര്ഥി 2 വോട്ടിന് വിജയിച്ച വാർഡാണിത്.
കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് യുഡിഎഫ് വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തത്.
കൊല്ലം ജില്ലയിലെ തെന്മല പഞ്ചായത്തിലെ യുഡിഎഫ് സിറ്റിങ് സീറ്റായ ഒറ്റക്കൽ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എസ് അനുപമ 34 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ ബിജിലി ജെയിംസിനെ തോൽപ്പിച്ചു. ഈ വാര്ഡിലെ 25 വര്ഷത്തെ യുഡിഎഫ് ആധിപത്യം അവസാനിപ്പിച്ചാണ് ഇടതുപക്ഷത്തിന്റെ വിജയം. ഇതോടെ യുഡിഎഫ് ഭരിക്കുന്ന 16 വാര്ഡുള്ള തെന്മല പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഏഴ് സീറ്റ് വീതമായി. നേരത്തെ എൽഡിഎഫിന് ആറ്, യുഡിഎഫിന് എട്ട് സീറ്റുമായിരുന്നു. രണ്ടു സ്വതന്ത്രൻമാരുമുണ്ട്.
പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാർഡ് താനിക്കുന്ന് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ പി മനോജ് 303 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച വാർഡാണ് പിടിച്ചെടുത്തത്. താനിക്കുന്ന് വാർഡ് കോൺഗ്രസ് അംഗമായിരുന്ന പി മനോജ് രാജിവച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസ് ഭാരവാഹി സ്ഥാനവും രാജിവച്ച് പി മനോജ് സിപിഐ എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ് മുന്നേറ്റം. 13-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൻ പി രാജൻ 197 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിലവിലെ പഞ്ചായത്ത് അംഗമായിരുന്ന കോൺഗ്രസിലെ കെ ടി വിശാഖ് വിദേശത്ത് പോയതിനെ തുടർന്ന് സ്ഥിരമായി പഞ്ചായത്ത് കമ്മറ്റികളിൽ പങ്കെടുക്കാത്തതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കുകയായിരുന്നു.
കോട്ടയം, തൃശൂർ, കണ്ണൂർ മറ്റ് നാല് വാർഡുകൾ എൽഡിഎഫ് നിലനിർത്തി.
കോട്ടയം ജില്ലയിലെ വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്തുരുത്ത് ഡിവിഷനിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി സിപിഐഎമ്മിലെ രേഷ്മ പ്രവീൺ വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ധന്യ സുനിലിനെയാണ് തോൽപ്പിച്ചത്. സിപിഐഎമ്മിലെ സുഷമ സന്തോഷ് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 232 വോട്ടാണ് ഭൂരിപക്ഷം
തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിൽ വാർഡ് 15ൽ ( താണിക്കുടം ) നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻമുന്നേറ്റം. കോൺഗ്രസ് മുന്നാം സ്ഥാനത്ത്. ബിജെപിയാണ് രണ്ടാമത്. എൽഡിഎഫിലെ മിഥുൻ തിയ്യത്തുപറമ്പിലാണ് (സിപിഐ) വിജയിച്ചത്. എൽഡിഎഫ് 827 വോട്ട് നേടി. എൻഡിഎ സ്ഥാനാർഥി രാഹുൽകുറുമാംപുഴക്ക് 653 വോട്ടും യുഡിഎഫിലെ പി എൻ രാധാകൃഷ്ണന് 175 വോട്ടും ലഭിച്ചു.
എൽഡിഎഫിന് 63 വോട്ടിന്റെ വർധനവുണ്ടായി. കോൺഗ്രസിന് 283 വോട്ട് കുറഞ്ഞു. ബിജെപിക്ക് കഴിഞ്ഞതവണത്തേക്കാൾ 209 വോട്ട് അധികം ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് അട്ടിമറിച്ചതായാണ് സൂചന. എന്നാൽ ഇത് മറികടന്ന് എൽഡിഎഫ് ചരിത്രവിജയം നേടി.
കണ്ണൂർ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡിലും എൽഡിഎഫ് വിജയിച്ചു. മുണ്ടേരി പഞ്ചായത്ത് പത്താം വാർഡ് താറ്റിയോട് വാർഡിലും ധർമ്മടം പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പരിക്കടവിലുമാണ് എൽഡിഎഫ് വിജയിച്ചത്.
താറ്റിയോടിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ ബി പി റീഷ്മ 393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിലെ കെ ടി ബീനയെയാണ് തോൽപ്പിച്ചത്. റീഷ്മയ്ക്ക് 724 വോട്ടും ബിനയ്ക്ക് 331 വോട്ടുമാണ് ലഭിച്ചത്. സിപിഐ എം അംഗമായിരുന്ന എം വിജിതയുടെ നിര്യാണത്തെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.
ധർമ്മടം പരിക്കടവിൽ സിപിഐ എമ്മിലെ ബി ഗീതമ്മയാണ് വിജയിച്ചത്. യു ഡി എഫിലെ എം സുരേഷിനെയാണ് തോൽപ്പിച്ചത്. എൽ ഡി എഫിന്റെ സിറ്റിംഗ് സീറ്റാണിത്. സി പി ഐ എമ്മിലെ കെ കെ ശശീന്ദ്രനാൻ മരിച്ചതിനെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
എറണാകുളം ജില്ലയിൽ നാലുവാർഡും യുഡിഎഫ് നേടി. വടക്കേക്കര പതിനൊന്നാം വാർഡിൽ നിഖിത ജോബി 228 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. മെമ്പറായിരുന്ന യുഡിഎഫിന്റെ പി ജെ ജോബിയുടെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫിലെ കെ എസ് സുനിയെയാണ് പരാജയപ്പെടുത്തിയത്.
മൂക്കന്നൂർ പഞ്ചായത്തിലെ നാലാം വാർഡിൽ സിനി മാത്തച്ചൻ തെരഞ്ഞെടുക്കപ്പെട്ടു, ഭൂരിപക്ഷം, 251. സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച രേഷ്മ വർഗീസ് രാജിവച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്വതന്ത്ര സിസിമോൾ റിജോയാണ് പരാജയപ്പെട്ടത്.
പള്ളിപ്പുറം വാർഡ് പത്ത് 72 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ദീപ്തി പ്രൈജു ജയിച്ചു. എൽഡിഎഫിലെ രേഷ്മ നിമലിനെയാണ് പരാജയപ്പെടുത്തിയത്. സിപിഐ എമ്മിലെ അജിത ശശാങ്കൻ രാജിവച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
ഏഴിക്കര പഞ്ചാത്ത് മൂന്നാം വാർഡ് 62 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടി പി സോമൻ ജയിച്ചു. എൽഡിഎഫിലെ അഡ്വ. എം എസ് നവനീതിനെയാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫിലെ കെ എം അനൂപിന്റെ രാജിയെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
മലപ്പുറം ജില്ലയിൽ നാലുവാർഡുകളും യുഡിഎഫ് നിലനിർത്തി. ചുങ്കത്തറ കളക്കുന്ന് വാർഡിൽ കെപി മൈമൂന വിജയിച്ചു. എൽഡിഎഫിലെ റസീന സജീമിനെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 164 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നത് 109 ആയി കുറഞ്ഞു.
പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശേരി (16) വാർഡിൽ യുഡിഎഫിലെ ചക്കച്ചൻ അബ്ദുൾ അസീസ് ജയിച്ചു. ഭൂരിപക്ഷം ആറ്. കഴിഞ്ഞ തവണ 112 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. അബ്ദുസമദ് കണക്കാംതൊടിയെയാണ് പരാജയപ്പെടുത്തിയത്.
തുവ്വൂർ പഞ്ചായത്തിലെ അക്കരപ്പുറം പട്ടികജാതി സംവരണം വാർഡിൽ മുസ്ലീം ലീഗിലെ തയ്യിൽ അയ്യപ്പൻ വിജയിച്ചു. സിപിഐ എമ്മിലെ കെ വി സുധിയെയാണ് പരാജയപ്പെടുത്തിയത്.
ചെമ്മാണിയോട് ബ്ലോക് ഡിവിഷൻ രണ്ടാം വാർഡിൽ യുഡിഎഫിലെ മുസ്ലീംലീഗ് സ്ഥാനാർഥി യു മുൻഷീർ വിജയിച്ചു. അൻവർ പുളിയങ്കാട്ടിലിനെയാണ് തോൽപ്പിച്ചത്. പാലത്തിങ്ങൽ ഉസ്മാന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കോഴിക്കോട് ജില്ലയിൽ വേളം പഞ്ചായത്തിലെ പാലോടികുന്നിലും യുഡിഎഫ് സീറ്റ് നിലനിർത്തി. ലീഗിലെ ഇ പി സലിം വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി പി പി വിജയനെയാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് നേതാവ് വി പി സുധാകരന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.