തിരുവനന്തപുരം
സംസ്ഥാനത്ത് ചികിത്സയിലിരിക്കെ മരിച്ചവരുടെ ഇൻഷുറൻസ് ക്ലെയിം ആശുപത്രികൾക്ക് ലഭ്യമാക്കിയതിനെ അഴിമതിയാക്കാൻ മാധ്യമശ്രമം. മരിച്ചവരുടെ പേരിൽ ആശുപത്രികൾ പണം തട്ടുന്നുവെന്ന് പിഎംജെഎവൈ സംബന്ധിച്ച സിഎജി റിപ്പോർട്ടിന്റെ മറപിടിച്ചാണ് വ്യാജവാർത്താ പ്രചാരണം. സിഎജി കണ്ടെത്തിയത് മരിച്ചവരുടെ പേരിൽ പണം തട്ടിയെന്നല്ല. മറിച്ച്, മരിച്ചശേഷം ആശുപത്രിയിൽനിന്ന് “ചികിത്സയ്ക്കുള്ള അനുവാദം നൽകി’ (പ്രീ ഓതറേസേഷൻ) എന്ന പ്രക്രിയ നടന്നു എന്നതാണ്.
സംസ്ഥാനത്ത് സിഎജി ഓഡിറ്റ് നടന്ന സമയത്ത് ചൂണ്ടിക്കാട്ടിയ കേസുകളിൽ ഭൂരിഭാഗവും കോവിഡ് രോഗികളുടെയായിരുന്നു. കോവിഡ് കേസുകളിൽ ചികിത്സാ ചെലവ്, സുരക്ഷാ ഉപകരണങ്ങൾക്കുള്ള ചെലവ് എന്നിവ രണ്ടായിട്ടാണ് ക്ലെയിം ചെയ്തിരുന്നത്. എന്നാൽ, സുരക്ഷാ ഉപകരണങ്ങൾക്കുള്ള ചെലവ് സംബന്ധിച്ച വിവരങ്ങൾ ഡിസ്ചാർജിനോ, മരണശേഷമോ ആണ് അംഗീകാരം നൽകി ക്ലെയിം ചെയ്തിരുന്നത്. ഇതിനുള്ള ഉപാധി ഓൺലൈൻ സംവിധാനത്തിലും ഉണ്ടായിരുന്നു. ഈ കേസുകളെയാണ് അഴിമതിയാക്കാൻ ശ്രമം. ചികിത്സയിലിക്കെ മരിക്കുന്നവർക്ക് ഡയാലിസ്, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ പോലെയുള്ളവ വേണ്ടിവരുന്ന സാഹചര്യങ്ങളിലും മരണത്തിനുശേഷം “പ്രീ ഓതറേസേഷൻ’ നൽകിയിരുന്നു. ഓൺലൈൻ പോർട്ടലിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലും അഡ്മിറ്റ് ആകുന്നതിനുമുമ്പ് കാർഡ് പുതുക്കാൻ കഴിയാത്ത സാഹചര്യത്തിലും രോഗിയുടെ മരണശേഷവും പ്രീ ഓതറേസേഷൻ എടുക്കാറുണ്ട്.
പിഎംജെഎവൈ പദ്ധതി പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകുന്നത് കേരളമാണ്. അതിനാൽ ഇത്തരത്തിലുളള കേസുകൾ കൂടുതലായിരിക്കും. 2020-–-21ൽ 11 ലക്ഷം ക്ലെയിമുകളിൽ 800 കോടിയോളം രൂപയുടെ ചികിത്സാ ധനസഹായമാണ് കേരളം നൽകിയത്. 2019–-21 ൽ സിഎജി പിഎംജെഎവൈ പദ്ധതിയെക്കുറിച്ച് പെർഫോമൻസ് ഓഡിറ്റ് നടത്തിയിരുന്നു. അന്ന് ആധാറോ ഒടിപി വഴിയുള്ള വെരിഫിക്കേഷനോ ഉണ്ടായിരുന്നില്ല. അതിനാൽ തെറ്റായി വിവരം രേഖപ്പെടുത്തുന്നതും സ്ഥിരമായിരുന്നു. ഈ വിവിധ പ്രശ്നങ്ങൾ അടുത്തുകാലത്ത് പരിഹരിച്ച് ആധാർ നിർബന്ധമാക്കി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്ന പേരിലാണ് കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത്. അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ ഒരേ മൊബൈൽ നമ്പരിൽ ലക്ഷക്കണക്കിനുപേർ രജിസ്റ്റർ ചെയ്തുവെന്ന സിഎജി റിപ്പോർട്ടിലെ വിവരം ഈ മാധ്യമങ്ങൾക്ക് അഴിമതിയായി തോന്നിയിട്ടുമില്ല.