കൊച്ചി
കലൂരിലെ ഹോട്ടലിൽ യുവതി അതിക്രൂരമായി കൊല്ലപ്പെട്ട കേസിൽ പ്രതി കോഴിക്കോട് തലയാട് തോട്ടിൽ വീട്ടിൽ പി എ നൗഷാദി (31)നെ കോടതി റിമാൻഡ് ചെയ്തു. ചങ്ങനാശേരി ചീരംവേലി വാലുമ്മച്ചിറ വീട്ടിൽ രവിയുടെ മകൾ രേഷ്മ രവി (26)യാണ് ബുധൻ രാത്രി കൊല്ലപ്പെട്ടത്. യുവതിയുടെ സുഹൃത്തുകൂടിയാണ് ഹോട്ടൽ ജീവനക്കാരനായ നൗഷാദ്.
സൗഹൃദം അവസാനിപ്പിക്കാൻ രേഷ്മ വിസമ്മതിച്ചത് കൊലയ്ക്ക് കാരണമെന്നാണ് നൗഷാദ് ആദ്യം പറഞ്ഞത്. ആരോഗ്യപ്രശ്നങ്ങൾ കൂട്ടുകാരുമായി പങ്കുവച്ചതും വീട്ടുകാരെക്കുറിച്ച് മോശമായി സംസാരിച്ചതും കൃത്യത്തിലേക്ക് നയിച്ചുവെന്നും പ്രതി നോർത്ത് പൊലീസിനോട് വെളിപ്പെടുത്തി. രേഷ്മയുടെ കഴുത്തിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേഹമാസകലം മാരകമായ മുറിവുകളുണ്ട്. ഇരുപതിലധികം കുത്തുകളേറ്റതായി പൊലീസ് പറഞ്ഞു. കൊല്ലാൻ ഉപയോഗിച്ച കത്തി സമീപത്തെ വീട്ടിലെ ടെറസിൽനിന്ന് കണ്ടെത്തി.
ബുധനാഴ്ച രേഷ്മയെ നൗഷാദ് കെെപ്പിള്ളി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. രണ്ടാം നിലയിലെ ആറാം നമ്പർ മുറിയിൽവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. വിവാഹം കഴിക്കണമെന്നും ഒരുമിച്ചുതാമസിക്കാൻ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കണമെന്നും ആവശ്യപ്പെട്ട് യുവതി രേഷ്മ ബഹളമുണ്ടാക്കിയപ്പോൾ നൗഷാദ് കത്തിയെടുത്ത് കുത്തി. കുത്തിയ വിവരം ഹോട്ടൽ ഉടമയോട് പറഞ്ഞു. ഹോട്ടലിലെ മറ്റൊരു ജീവനക്കാരൻ കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി നൗഷാദിനെ കസറ്റഡിയിലെടുത്തു. രേഷ്മയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രേഷ്മ മൂന്നുവർഷമായി കൊച്ചിയിലാണ് താമസം. അമ്മ: തങ്കമ്മ. സഹോദരൻ: രാകേഷ് രവി. സംസ്കാരം വെള്ളി പകൽ 12-ന് വീട്ടുവളപ്പിൽ.
വിചാരണ, പീഡനം,
ദുർമന്ത്രവാദം
രേഷ്മയെ കൊലപ്പെടുത്തുംമുമ്പ് നൗഷാദ് ‘വിചാരണ’ നടത്തിയെന്ന് പൊലീസ്. ഒരോ ചോദ്യങ്ങൾ ചോദിച്ച് മറുപടി പറയിപ്പിക്കാൻ ശ്രമിച്ചു. അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. രൂക്ഷമായ വഴക്കാണുണ്ടായത്. ഇരുവരും വഴക്കിടുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. മദ്യവും മയക്കുമരുന്നും നൗഷാദ് ഉപയോഗിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാൾ ലഹരിയിലായിരുന്നു. പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. കൊലയ്ക്കുള്ള കാരണങ്ങൾ മാറ്റിപ്പറഞ്ഞുകൊണ്ടിരുന്നു. തന്നെ അപായപ്പെടുത്താൻ രേഷ്മ ദുർമന്ത്രവാദം നടത്തിയതായും ആരോപിച്ചു.
പരിചയം ഇൻസ്റ്റ വഴി; വധശ്രമക്കേസിലും പ്രതി
രേഷ്മയും നൗഷാദും പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയാണ്. ഇരുവരും അടുപ്പത്തിലായിരുന്നു. ലാബ് അറ്റൻഡറായിരുന്നു യുവതി. നൗഷാദ് ഹോട്ടലിലെ കെയർടേക്കറും. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ട്. വീണ്ടും അടുക്കും. നൗഷാദ് ആലുവയിൽ നടന്ന ഒരു വധശ്രമക്കേസിലെ പ്രതിയാണെന്നും പൊലീസിന് വിവരം ലഭിച്ചു.